വൈപ്പിൻ: ഭിന്നശേഷിക്കാർക്ക് ശുഭയാത്ര, ഹസ്തദാനം പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുഖേനയാണ് പദ്ധതികൾ നടപ്പാക്കിയത്.
ശുഭയാത്ര പദ്ധതിയിൽ ജില്ലയിൽ 16 പേർക്കാണ് ഇലക്ട്രോണിക് വീൽചെയർ വിതരണം നടത്തിയത്. തീവ്രഭിന്നശേഷിക്കാരായ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് 20,000 രൂപവീതം സ്ഥിരനിക്ഷേപം നൽകുന്ന ഹസ്തദാനം പദ്ധതിയിൽ ജില്ലയിലെ 20പേർക്ക് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നൽകി.
ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി സംഘടന (ഡി.എ.ഡബ്‌ള്യു.എഫ്) ജില്ലാ സെക്രട്ടറി പി. ഷൈജുദാസ്, വികലാംഗക്ഷേമ കോർപ്പറേഷൻ സംസ്ഥാന പ്രോഗ്രാം കോ ഓർഡിനേറ്റർ കെ. ജെ. ജോസുകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.