വൈപ്പിൻ: എടവനക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ എന്നിവർ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നഅകി. ഹർജി വാട്ടർ അതോറിറ്റിയുടെ മറുപടിക്കായി മാറ്റി.

വൈപ്പിൻകരയുടെ കുടിവെള്ള വിതരണത്തിനായി 10 വർഷം മുമ്പ് വിഭാവനംചെയ്ത രണ്ട് പദ്ധതികളാണ് ജിഡ പദ്ധതിയും ചൊവ്വരപദ്ധതിയും. ഇതിൽ ജിഡ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വര പദ്ധതിയുടെ ഭാഗമായി എടവനക്കാട് നിർമിച്ച ജലസംഭരണിക്ക് 11.15 ലക്ഷം ലിറ്റർ കപ്പാസിറ്റിയുണ്ട്. തുടക്കകാലഘട്ടത്തിൽ 24 മണിക്കൂറും ഈ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ രണ്ട് ദിവസത്തിൽ എട്ട് മണിക്കൂർ എന്ന നിലയിൽ മാത്രമാണ് പമ്പിംഗ് നടത്തുന്നത്. ജിഡ കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്നും എടവനക്കാട് പ്രദേശത്തേക്കുള്ള കുടിവെള്ളം എല്ലാദിവസവും വിതരണം ചെയ്യണമെന്നാണ് ആവശ്യം. ഹർജിക്കാർക്ക് വേണ്ടി അഡ്വ. കെ.ഐ. അബ്ദുൽറഷീദ് ഹാജരായി.