
മരട്: നെട്ടൂർ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഇല്ലാതിരുന്നതുമൂലം രോഗികൾ മരുന്നു ലഭിക്കാതെ വലഞ്ഞു. നിലവിലെ ഫാർസിസ്റ്റിന്റെ അമ്മയ്ക്ക് കൊവിഡ് പോസിറ്റീവായതു മൂലം ഫാർമസിസ്റ്റ് നിരീക്ഷണത്തിലാണ്. ഫാർമസിസ്റ്റിന്റെ കുറവു പരിഹരിക്കുന്നതിന് താത്കാലികമായി ഒരു ഫാർമസിസ്റ്റിനെ മുനിസിപ്പാലിറ്റി നിയമിക്കണമെന്ന് കഴിഞ്ഞ ആശുപത്രി വികസ സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതാണ്. നാളിതുവരെ നടപടി ഉണ്ടായില്ല.
രാവിലെ നിരവധി രോഗികൾ മരുന്നു കിട്ടാതെ മടങ്ങി. നിലവിൽ 3 ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ട്. ഇന്നലെ 226 രോഗികളാണ് ചികിത്സക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ആശുപത്രി എ.ഡി.സി മെമ്പർ എ.ആർ. പ്രസാദ്, എ.ഐ.വൈ.എഫ് മരട് ലോക്കൽ സെക്രട്ടറി എ.എസ്. വിനീഷ് എന്നിവർ വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി ഡി.എം.ഒ യുമായി ഫോണിൽ ബന്ധപ്പെട്ട് ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ സ്റ്റാഫ് നേഴ്‌സിനെ വച്ച് തത്കാലത്തേക്ക് മരുന്നു നൽകാനുള്ള സംവിധാനം ഉണ്ടാക്കി. രാവിലെ 10.30 മുതൽ മരുന്നുകൾ നൽകിത്തുടങ്ങി.