kseb

കോലഞ്ചേരി: കളം മാറ്റി തട്ടിപ്പുകാർ വിലസുന്നു, കെ.എസ്.ഇ.ബിയുടെ പേരിലും ഷോക്കടിപ്പിക്കുന്ന തട്ടിപ്പ്. വൈദ്യുതി ബില്ലടക്കാത്തതിനാൽ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്.എം.എസ് വഴിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. പണമടച്ചവരുണ്ടെങ്കിൽ സന്ദേശത്തിൽ കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കുക എന്ന മെസേജിലാണ് തട്ടിപ്പ് തുടങ്ങുന്നത്. വിളിച്ചാൽ മൊബൈലിലേക്ക് മ​റ്റൊരു സന്ദേശം ലഭിക്കും. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച സന്ദേശമാകും ലഭിക്കുക. അതല്ലെങ്കിൽ മൊബൈലിൽ ലഭിച്ച ഒ.ടി.പി ആവശ്യപ്പെടും. ഇതു നൽകിയാലും പണം പോകുമെന്നുറപ്പ്. സന്ദേശം അയയ്ക്കുന്നതിനു പുറമേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചമഞ്ഞും ഫോൺ വിളി എത്തുന്നുണ്ട്. അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്​റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശം അടക്കം തട്ടിയെടുക്കും.

ജാഗ്രത പാലിക്കണം

ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശിക തുക, ഇലക്ട്രിക്കൽ സെക്ഷന്റെ പേരും കാണും. ബോർഡിൽ രജിസ്​റ്റർ ചെയ്ത ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് മാത്രമാണ് സന്ദേശം എത്തുകയുള്ളൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി തുടങ്ങിയ വിവരങ്ങൾ കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല. സംശയം തോന്നിയാൽ പണമടക്കുന്നതിനു മുമ്പ്

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 1912 ൽ വിളിക്കണം. 9496001912 എന്ന നമ്പറിലേക്ക് വാട്‌സാപ് സന്ദേശം അയച്ചാലും വിവരം ലഭിക്കും. ബിൽതുക അടയ്ക്കുന്നതിന് ഔദ്യേഗിക വെബ്‌സൈറ്റോ, വിശ്വസനീയമായ ബാങ്ക് അക്കൗണ്ടുകളോ, ജി പെ സംവിധാനമോ മാത്രം ഉപയോഗിക്കുക