കളമശേരി: മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം ദുരൂഹതയേറുന്നു. നാലുഭാഗത്തു നിന്നും തീ ആളിപടരുകയായിരുന്നു. യാദൃശ്ചികമായ് സംഭവിച്ചതാണെങ്കിൽ ഒരു വശത്തു നിന്നായിരിക്കണം തീ പിടിക്കേണ്ടത്. മാലിന്യങ്ങൾ വേർതിരിക്കാൻ നിന്നിരുന്ന മൂന്നു തൊഴിലാളികൾ പണി കഴിഞ്ഞ് പോയതിനു ശേഷമാണ് തീ പിടിക്കുന്നത്. 4 സിസിടിവി കാമറകൾ പ്രവർത്തിക്കുന്നില്ല. 2013 ൽ സ്ഥാപിച്ച ഇൻസിനറേറ്റർ ഉദ്ഘാടനം ചെയ്തത് 2018ലാണെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കിട്ടിയിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാൻ ഇൻസിനേറ്റർ ഉപയോഗിച്ചിരുന്നതായ് ആക്ഷേപമുണ്ട്. ഇത് പ്രവർത്തിപ്പിക്കുന്നതിന് വച്ചിരുന്ന 4 ഗ്യാസ് സിലിണ്ടറുകൾ അഗ്നിബാധയേറ്റ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ അപകടം ഭീകരമാകുമായിരുന്നു. വിജിലൻസ് അന്വേഷണം തുടങ്ങുമ്പോൾ ഫയലുകൾ കാണാതാകുന്നതും പതിവാണ്.

അഗ്നിബാധ മൂലം ഏകദേശം ഒന്നര കോടി രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 60 ലക്ഷം രൂപയുടെ ഇൻസിനേറ്റർ 10 ലക്ഷം രൂപയുടെ ട്രാക്റ്റർ, 50 ലക്ഷം രൂപ കണക്കാക്കുന്ന മാലിന്യങ്ങൾ, ഷെഡുകൾ എന്നിവയാണ് കത്തി നശിച്ചത്.

ഇന്നലെ രണ്ട് എസ്കലേറ്ററുകൾ ഉപയോഗിച്ച് കത്തിയമർന്ന അവശിഷ്ടങ്ങൾ ഇളക്കി മാറ്റി കൊണ്ടിരിക്കുകയാണ്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തം തുടർക്കഥയാണ്. സംഭവിക്കുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ആരോപണമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ശാശ്വതമായ പരിഹാരം ഉണ്ടാകാറില്ല .

നഗരസഭയിലെ പ്രതിപക്ഷം ഇന്നലെ പ്രതിഷേധയോഗം ചേർന്നു. സെക്രട്ടറിയ്ക്കും കളമശേരി പൊലീസിനും പരാതി നൽകി. മനപ്പൂർവ്വം കത്തിച്ചതാണെന്നാണ് പ്രതിപക്ഷാരോപണം.