പറവൂർ: വടക്കേക്കര പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ തഹസിൽദാർക്ക് നിവേദനം നൽകി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് എന്നിവരാണ് പറവൂർ തഹസിൽദാർ ഓഫീസിലെത്തി നിവേദനം കൈമാറിയത്. പഞ്ചായത്ത് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്താൽ ജനങ്ങൾ ദുരിതത്തിലാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ ഉറപ്പ് നൽകി.