pic
മാർ ഏലിയാസ് കോളേജിനുമുന്നിൽ പൈപ്പ് പൊട്ടി വെള്ളം നടുറോഡി​ലൂടെ പുറത്തേക്കൊഴുകുന്നു. റോഡ് ടാർചെയ്ത ഇവി​ടം വീണ്ടും കുത്തി​പ്പൊളി​ക്കേണ്ട അവസ്ഥയി​ലാണ്.

കോതമംഗലം: ആധുനിക നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പൊതുമരാമത്ത് വകുപ്പ് മറ്റ് ഡിപ്പാർട്ട്മെന്റ്കളുമായി ഏകോപനമില്ലാതെ പൂർത്തിയാക്കിയതായി​ ആരോപണം. നിലവിൽ പണിപൂർത്തിയാക്കിയ കോട്ടപ്പടി -കോതമംഗലം, കോട്ടപ്പടി - വാവേലി -മാലിപ്പാറ റോഡുകളെക്കുറി​ച്ചാണ് പരാതി​. ബി.എം ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയ റോഡ്, പണി കഴിഞ്ഞ് രണ്ടു മാസമാകുമ്പോഴേക്കും പത്തിലധികം സ്ഥലത്ത് നിലവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡ് പണിക്ക് മുമ്പ് വർഷങ്ങളായി തുരുമ്പിച്ച് കിടക്കുന്ന പൈപ്പ് മാറ്റുവാനോ അറ്റകുറ്റപ്പണികൾ നടത്തുവാനോ വാട്ടർ അതോറിറ്റിക്കാർ തയ്യാറായില്ല. ആധുനികരീതിയിലുള്ള ടാറിംഗ് യന്ത്ര സാമഗ്രികൾ ഉപയോഗിക്കുമ്പോൾ റോഡിന്റെ അടിയിൽക്കൂടെ പോകുന്ന പഴയ ഇരുമ്പ് പൈപ്പ് പൊട്ടുന്ന സ്ഥി​തി​യാണ്. ഇത് പരിഹരിക്കുന്നതിനായി റോഡിന് നടുവിൽത്തന്നെ വെട്ടിപ്പൊളിച്ച് തിരികെ മണ്ണിട്ടുമൂടി കോൺക്രീറ്റ് ചെയ്ത് തടി തപ്പുകയാണ് വാട്ടർ അതോറിറ്റിക്കാർ.

ഇലക്ട്രിക് പോസ്റ്റുകളും പാരയാകുന്നു

നിലവിൽ ആധുനികരീതിയിൽ ടാറിംഗ് ചെയ്യുമ്പോൾ റോഡരി​കി​ലുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുവാൻ ഡിപ്പാർട്ട്മെന്റ് തലത്തിൽ നടപടി​യി​ല്ല. ഒരു ദുരന്തമുണ്ടായാലേ കെ.എസ്.ഇ.ബി അധികൃതർ നടപടി​യെടുക്കൂ എന്നതാണ് സ്ഥി​തി​യെന്ന് പ്രദേശവാസി​കൾ ആരോപി​ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ടാറിംഗ് കഴിഞ്ഞ റോഡ് വീണ്ടും കുത്തി​പ്പൊളി​ച്ചാലേ ഇലക്ട്രിക് പോസ്റ്റ് മാറ്റാൻ കഴി​യൂ. കോടികൾ മുടക്കിയുള്ള റോഡ് പണിയിൽ പൊതുമരാമത്ത്, വൈദ്യുതി​, ജലവി​ഭവ വകുപ്പ് അധി​കാരി​കൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു. പരസ്പരധാരണയില്ലാതെ ടാറിംഗ് ചെയ്യുന്നതി​നാൽ നിരവധി കോടികളാണ് റോഡുപണിയി​ൽ നഷ്ടമാകുന്നത്.

റോഡിൽ നിൽക്കുന്ന പോസ്റ്റ് മാറ്റണമെന്നുള്ള ഒരപേക്ഷയും പൊതുമരാമത്ത് വിഭാഗത്തിൽ നിന്ന് കിട്ടിയിട്ടില്ല. അങ്ങനെ റിക്വസ്റ്റ് തന്നതിന് ശേഷം എസ്റ്റിമേറ്റ് കൊടുത്തു മാറ്റുകയാണ് പതിവ്."

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജി​നി​യർ കുറുപ്പുംപടി