കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണപുരോഗതി വ്യക്തമാക്കി അന്വേഷണ സംഘം ഇന്നു വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം അപേക്ഷ നൽകിയപ്പോൾ, പ്രത്യേക അനുമതി വേണ്ടെന്നും തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നു സമർപ്പിക്കാനുമാണ് വിചാരണക്കോടതി നിർദ്ദേശിച്ചിരുന്നത്.
 ദിലീപിന്റെ ഹർജി
നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇതു ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
 വിചാരണ നിറുത്തിവയ്ക്കൽ
കേസിൽ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിൽ വിചാരണ നിറുത്തിവച്ച് തുടരന്വേഷണം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘവും പ്രോസിക്യൂഷനും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിച്ചേക്കും.
 സുനിയെ ചോദ്യം ചെയ്യൽ
പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതിതേടി അന്വേഷണസംഘം നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും.
 സുനിയുടെ രണ്ടു ഹർജികൾ
അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി അപേക്ഷ നൽകിയിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിനാൽ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുനി നൽകിയ മറ്റൊരു ഹർജിയും ഇന്ന് പരിഗണിച്ചേക്കും.