കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ പല വാർഡുകളിലും ജല അതോറിട്ടിയുടെ അനാസ്ഥ മൂലം പൈപ്പുകൾപൊട്ടി വെള്ളം പോകുന്നതിനാൽ ടെൻഡർ ചെയ്ത റോഡുകൾ പണിതുടങ്ങുവാൻ കഴിയാതെ കോൺട്രാക്ടർമാർ ബുദ്ധിമുട്ടുന്നതായി പരാതി. സാമ്പത്തിക വർഷവസാനം പണി പൂർത്തീകരിക്കുവാൻ പഞ്ചായത്തുകൾ നെട്ടോട്ടമോടുമ്പോഴാണ് വാട്ടർ അതോറിട്ടിയുടെ ശ്രദ്ധക്കുറവ് വിനയാകുന്നത്.
മുടക്കുഴ പെട്ടമല അംബേദ്കർ കോളനി റോഡിൽ പൈപ്പ് പൊട്ടിയിട്ട് നാളുകളായി. ഇതുവരെയും നന്നാക്കുവാൻ ബന്ധപ്പെട്ടവർ വന്നിട്ടില്ല. അടിയന്തരമായി പ്രശ്നം പരിഹരിച്ച് റോഡ് പണി തുടങ്ങുവാൻ സാഹചര്യമൊരുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അവറാച്ചൻ ആവശ്യപ്പെട്ടു.