കൊച്ചി: പാക്, ചൈന ബന്ധം സ്ഥിരീകരിച്ചതോടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകൾ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുന്നു. കോഴിക്കോട്ടെ കേസാണിതിൽ പ്രധാനം. ഈ കേസിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്ന് എൻ.ഐ.ഐ ശേഖരിച്ചു. സമാന്തര ടെലിഫോൺ കേസുകളെക്കുറിച്ചുള്ള ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവഗൗരവത്തോടെയാണ് കാണുന്നത്.

കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ രാജ്യത്ത് 13 സമാന്തര എക്സ്ചേഞ്ച് കേസുകൾ രജിസ്റ്റ‌ർ ചെയ്തിട്ടുണ്ട്. 2021 ജൂലായ് ഒന്നിന് കോഴിക്കോട് നഗരത്തിലെ ഏഴ് കേന്ദ്രങ്ങൾ ഉൾപ്പെട്ട കേസിലാണ് പാക്- ചൈനാ ബന്ധം സ്ഥിരീകരിച്ചത്. നാല് പ്രതികളുണ്ട്. ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ അന്വേഷണസംഘം നീക്കം തുടങ്ങി.

ബംഗളൂരു എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എക്‌സ്‌ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ഇബ്രാഹിം കുടുങ്ങിയതോടെ വിവിധ ഇടങ്ങളിൽനിന്ന് സമാന്തര ഫോൺഎക്‌സ്‌ചേഞ്ചുകൾ പൊലീസ് കണ്ടെത്തി.

പാകിസ്ഥാനിയായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് പൗരൻ സാഹിർ, ചൈനക്കാരായ ഫ്ളൈ, ലീ എന്നിവർക്കാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ 'റൂട്ട്' വിറ്റത്.

 എൻ.ഐ.ഐ തേടുക

• പാക്ക്- ചൈനാബന്ധം

• വിദേശ പണമിടപാട്

• ചാരപ്പണി

• പ്രതികളുടെ ഇടപെടലുകൾ

• വിദേശ കാളുകൾ

• ചൈനീസ് ക്ലൗഡ് സെ‌ർവർ

രജിട്രേഷൻ നഷ്ടം

₹2.5 കോടി

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച സംഘം രജിസ്ട്രേഷൻ ഇനത്തിൽ മാത്രം സർക്കാർ ഖജനാവിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കി.

 കേസുകൾ

• ബംഗളൂരു • മീററ്റ് • പാട്‌ന • മുംബയ് • ന്യൂഡൽഹി • കട്ടക്ക് • തിരുപ്പതി • തെലങ്കാന • കോഴിക്കോട് • കൊച്ചി • തൃശൂർ • മലപ്പുറം • പാലക്കാട്‌

എൻ.ഐ.എ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഉടൻ അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ടി.പി. ശ്രീജിത്ത്,അസി.കമ്മിഷണ‌ർ,

ജില്ലാ സി.ബ്രാഞ്ച്, കോഴിക്കോട്