കൊച്ചി: തിരുവനന്തപുരം എയർപോർട്ടിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ചീഫ് എയർപോർട്ട് ഓഫീസർ ആന്ധ്രാ സ്വദേശി ഗിരി മധുസൂദന റാവുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയയ്ക്കണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഉത്തരവിട്ടു. ഇന്നു രാവിലെ ഒമ്പതിന് ഗിരി മധുസൂദനറാവു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

ജനുവരി നാലിന് ഫ്ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാൽ, ജനുവരി 14 വരെ പരാതിക്കാരിയുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്നു വാദിച്ച ഹർജിക്കാരൻ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ തെളിവായി ഹാജരാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും വൻതുക ആവശ്യപ്പെട്ടതു നൽകാത്തതിനെത്തുടർന്നാണ് പരാതി നൽകിയതെന്നും വാദിച്ചു. 62 വയസുള്ള തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥനായ പ്രതി പദവി ദുരുപയോഗം ചെയ്താണ് പരാതിക്കാരിയെ ബന്ധത്തിന് പ്രേരിപ്പിച്ചതെന്നും വാട്ട്സ് ആപ്പ് സന്ദേശങ്ങൾ മുൻകൂർ ജാമ്യം നൽകാൻ മതിയായ കാരണമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.