മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ കായനാട് ഗവ. എൽ പി സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി പി. രാജീവ് ഓൺലൈനായി നിർവ്വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു സ്കൂളിന്റെ താക്കോൽ കൈമാറും. സ്മാർട്ട് ക്ലാസ് റൂം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും പ്രീ പ്രൈമറി സ്മാർട്ട് ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും കുട്ടികളുടെ പാർക്ക് എൽദോ എബ്രഹാമും ഉദ്ഘാടനം ചെയ്യും.
2018 ലെ പ്രളയത്തിൽ പകുതിഭാഗം വെള്ളത്തിൽ മുങ്ങിയ സ്കൂൾമന്ദിരം ബലക്ഷയത്താൽ പ്രവർത്തനയോഗ്യമല്ലാതായി. തുടർന്ന് സർക്കാർ റീ - ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ മന്ദിരം നിർമ്മിച്ചത്. മുംബയ് ആസ്ഥാനമായ കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഒരുകോടി 32 ലക്ഷം രൂപ മുടക്കി 5600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആധുനിക സംവിധാനങ്ങളോടെയാണ് മന്ദിര നിർമ്മാണം.