 
വൈപ്പിൻ: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസി (കെ.ആർ.ഡബ്ല്യൂ.എസ്.എ) വാർത്താപത്രിക ജലനിധി എന്ന പേരിൽ പ്രസിദ്ധീകരണം പുനരാരംഭിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തിൽ ആദ്യമായി മുഴുവൻ വീടുകളിലും കുടിവെള്ള ടാപ്പ് കണക്ഷൻ കൊടുത്ത എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാമിന് നൽകി മാസിക പ്രകാശിപ്പിച്ചു. 2018 ൽ പ്രസിദ്ധീകരണം നിലച്ച വാർത്താപത്രിക ജൽജീവൻമിഷൻ പദ്ധതിയുടെ വിവരവിദ്യാഭ്യാസ ആശയവിനിമയ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുനരാരംഭിച്ചത്.
സാമൂഹ്യകുടിവെള്ള വിതരണ സ്‌കീമുകളും സർക്കാർ കെ.ആർ ഡബ്ല്യൂ.എസ്.എവഴി സാമൂഹ്യ കുടിവെള്ള വിതരണ സ്‌കീമുകൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുസ്ഥിരതാ സഹായ പദ്ധതിയുടെയും മഴവെള്ള സംഭരണി നിർമ്മാണ പദ്ധതിയുടെയും കിണർ റീച്ചാർജ് പദ്ധതിയുടെയും നിർവഹണ പുരോഗതിയുടെ വാർത്തകളും ഫോട്ടോകളും വാർത്താപത്രികയിലൂടെ പ്രസിദ്ധീകരിക്കും. സാമൂഹ്യ കുടിവെള്ള വിതരണ പദ്ധതികളുടെ തുടർനടത്തിപ്പിനെക്കുറിച്ചുള്ള ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തും.
കെ.ആർ.ഡബ്ല്യൂ.എസ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടറും ജൽജീവൻമിഷൻ പദ്ധതി മിഷൻ ഡയറക്ടറുമായ എസ്. വെങ്കിടേശപതി, ഡയറക്ടർമാരായ എസ്. ഹാരിസ് , എം. പ്രേംലാൽ, പി. വീണ, ഡെപ്യൂട്ടി ഡയറക്ടർമാരായ ജിജോ ജോസഫ്, പി.വി. ലാലച്ചൻ എന്നിവർ സംബന്ധിച്ചു.