അങ്കമാലി: തുറവൂരിൽ പിന്നോട്ടെടുത്ത ക്രെയിനിന്റെ ചക്രത്തിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വെറ്റിലപ്പാറ പുലികോട്ടുപ്പറമ്പിൽ ചന്ദ്രന്റെ മകൻ പി.സി. അഖിൽ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9ന് തുറവൂർ മംഗലി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. പറമ്പിൽ മുറിച്ചിട്ട തടികൾ അടുക്കി വയ്ക്കാനെത്തിയ ക്രെയിനിന്റെ സഹായിയായിരുന്നു അഖിൽ. തടിയുമായി ക്രെയിൻ പിന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ തെന്നിമാറിയ ചെരിപ്പ് എടുക്കാൻ ശ്രമിച്ച അഖിൽ ചക്രത്തിന് അടിയിൽ പെട്ടുപോയി. തലയിലൂടെ ടയർ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. തുറവൂർ സ്വദേശി സിനോയുടേതാണ് ക്രെയിൻ. ഇയാളാണ് ഓടിച്ചിരുന്നതും.
മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് 2.30 ന് കണ്ണൻകുഴി ക്രിമറ്റോറിയത്തിൽ. അമ്മ: മിനി. സഹോദരൻ: അരുൺ.