ആലുവ: നിയമവിദ്യാർത്ഥിനി മോഹിയ പർവീൺ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന സുധീർ ഭർത്തൃവീട്ടുകാരുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.എച്ച്.ഒയായിരുന്ന സി.എൽ സുധീറിനെ കുറ്റവിമുക്തനാക്കി കുറ്റപത്രം തയ്യാറാക്കിയ പൊലീസ് നടപടിയിൽ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധിച്ചു.
മോഹിയ പർവീണിന്റെ ആത്മഹത്യാക്കുറിപ്പിൽ ആലുവ സി.ഐയുടെ പേര് പരാമർശിച്ചിട്ടും സി.ഐ കുട്ടിയോടും പിതാവിനോടും എതിർകക്ഷിയുടെ സാന്നിദ്ധ്യത്തിൽ മോശമായി പെരുമാറിയതു മൂലമാണ് ആത്മഹത്യ ചെയ്തതെന്ന പരാമർശമുണ്ടായിട്ടും സി.ഐയെ പ്രതിചേർക്കാതെ കുറ്റപത്രം സമർപ്പിച്ചതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.എൽ.എ കത്തെഴുതി. ആത്മഹത്യ പ്രേരണാകുറ്റത്തിന് സി.ഐയെ പ്രതിചേർക്കാതെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.
സത്യം പുറത്തുകൊണ്ടുവരുന്നതിന് ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യന്ധമായ പുനരന്വേഷണം നടത്തി സി.ഐക്കെതിരെ കേസെടുത്ത് സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.