
തൃക്കാക്കര: പി.ടി. തോമസ് എം.എൽ.എയുടെ മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചതിന് തൃക്കാക്കര നഗരസഭ ചിലവിട്ട തുക സംബന്ധിച്ച കണക്കുകൾ ഇന്നലെ ചേർന്ന ധനകാര്യ കമ്മറ്റിയിൽ ഹാജരാക്കാത്തതിനെതിരെ പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്തെത്തി. ഇന്നലെ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധനകാര്യ കമ്മറ്റിയിൽ പൊതുദർശനത്തിന് വച്ചതിന് ചെയർപേഴ്സന്റെ മുൻകൂർ അനുമതിയോടെ ബാങ്കിൽ നിന്നെടുത്ത നാല് ലക്ഷം രൂപയുടെ കണക്ക് എത്തിയതോടെയാണ് പ്രശ്ങ്ങൾക്ക് തുടക്കം. വരവ് ചെലവ് കണക്കുകളുടെ മുഴുവൻ ഫയലുകളും കാണണമെന്ന് ധനകാര്യ കമ്മറ്റി അംഗം പി.സി മനൂപ് ആവശ്യപ്പെട്ടതോടെ വൈസ് ചെയർമാൻ ഫയലുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫയലുകൾ ചെയർപേഴ്സന്റെ കൈയ്യിലാണെന്ന് സൂപ്രണ്ട് അംബിക പറഞ്ഞു. ഫയലുകൾ ഹാജരാക്കാൻ വൈസ് ചെയർമാൻ ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സൻ മീറ്റിങ്ങിലാണെന്ന് പറഞ്ഞതോടെ ഫയലുകൾക്കായി കമ്മറ്റി അംഗങ്ങൾ ഒരുമണിക്കൂറോളം കാത്തിരുന്നു. ഒടുവിൽ ഫയലുകൾ നൽകാനാവില്ലെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞതോടെ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംങ്ങളായ പി.സി. മനൂപ് സുനി കൈലാസൻ,അഡ്വ. ലിയാ തങ്കച്ചൻ,അനിത ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി ചെയർപേഴ്സന്റെ ക്യാമ്പിന് മുന്നിലെത്തി.സംഭവം അറിഞ്ഞതോടെ എൽ.ഡി.എഫ് കൗൺസിലർമാരായ എം.കെ ചന്ദ്രബാബു,അജുന ഹാഷിം,കെ.എക്സ് സൈമൺ,അൻസിയ ഹക്കിം,ആര്യ ബിബിൻ,സുമ എന്നിവരുടെ നേതൃത്വത്തിൽ ചെയർപേഴ്സന്റെ ക്യാബിൻ ഉപരോധിച്ചു.