bodhini

കൊച്ചി: ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്ക് തണലൊരുക്കി റോട്ടറി ക്ളബിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ബോധിനി. ഇരകൾക്ക് വർഷങ്ങളായി ബോധിനി സൗജന്യ ടെലികൗൺസലിംഗ് നൽകുന്നു.

അക്രമങ്ങൾ നേരിടുന്ന പലരും പുറത്തു പറയാതെ വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരത്തിലുള്ളവർ ചെയ്യേണ്ട കാര്യങ്ങളും വീട്ടുകാരും സുഹൃത്തുക്കളും അവർക്ക് നൽകേണ്ട പിന്തുണ എന്താണെന്നുമുള്ള അവബോധം സൃഷ്ടിക്കുകയാണ് സംഘടന.

തെളിവുകൾ കൈവിടരുത്

അക്രമം നേരിട്ടാൽ സുരക്ഷിതമായി സ്ഥലത്തേക്ക് മാറിയശേഷം വിശ്വസ്തനായ ഒരാളുടെ സഹായം തേടുക. പ്രഥമ ശുശ്രൂഷയ്ക്കും തെളിവുകൾ ശേഖരിക്കാനും വൈദ്യസഹായം തേടണം. വൈദ്യപരിശോധനയിലൂടെ തെളിവുകൾ ശേഖരിക്കുന്നതിനു മുമ്പ് കുളിക്കുകയോ പല്ലുതേക്കുകയോ ശരീരഭാഗങ്ങൾ വൃത്തിയാക്കുകയോ ചെയ്യരുത്. ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ വൃത്തിയാക്കരുത്. ഇത്തരം പ്രധാനപ്പെട്ട തെളിവുകൾ പ്രത്യേക കവറിലോ ബാഗിലോ അടച്ചു സൂക്ഷിക്കണം.

ഇരയുടെ അവകാശങ്ങൾ

ഏത് പൊലീസ് സ്റ്രേഷനിലും ഏത് സമയത്തും പരാതി നൽകാം. മെഡിക്കൽ റിപ്പോർ‌ട്ടിന്റെ പകർപ്പിന് ഇരയ്ക്ക് അവകാശമുണ്ട്. ആവശ്യമെങ്കിൽ വനിതാ പൊലീസിന്റെ സഹായം ആവശ്യപ്പെടാം. അന്വേഷണത്തിലോ മറ്റ് എവിടെയെങ്കിലുമോ ഇരയുടെ പേര് കാണാൻ താല്പര്യമില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാം. മജിസ്ട്രേറ്രിനു മുമ്പിൽ സ്വകാര്യമായി മൊഴി രേഖപ്പെടുത്താം. സൗജന്യ നിയമ സഹായം ലഭിക്കും.

ഇരയ്ക്ക് പരിചരണം

ലൈംഗികാതിക്രമം നേരിട്ട വ്യക്തി സ്വയം പഴിക്കാൻ സാദ്ധ്യതയുണ്ട്. സംഭവിച്ചത് അവരുടെ കുറ്റം കൊണ്ടല്ലെന്ന് പറഞ്ഞു മനസിലാക്കി കൗൺസലിംഗിന് അവരെ പ്രോത്സാഹിപ്പിക്കണം. അവർക്ക് ആവശ്യമുള്ള സമയത്ത് ഒപ്പം നിൽക്കുക. വേണ്ടത്ര ഭക്ഷണവും വിശ്രമവും ലഭിക്കുന്നുണ്ടോ എന്ന ഉറപ്പു വരുത്തുക.

ബോധിനി ഹെൽപ്പ് ലൈൻ നമ്പർ: 8891320005