l

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹാരിക്കാനുള്ള പദ്ധതിയുടെ ഭാഗമായ മുല്ലശേരി കനാൽ നവീകരണം നീളുന്നു. കഴിഞ്ഞ ഡിസംബറിനകം പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. അടുത്ത മഴക്കാലത്തിന് മുമ്പും നവീകരണം തീരില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് വിമർശനമുണ്ട്.

വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ ഭാഗമായാണ് കനാൽ പുതുക്കിപ്പണിയുന്നത്. 10 കോടി രൂപയുടെ പദ്ധതിയാണിത്. ഇറിഗേഷൻ വകുപ്പ് അധികൃതരും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാരനും കഴിഞ്ഞയാഴ്ച കരാറിൽ ഒപ്പുവച്ചു. മുല്ലശേരി കനാലിന് മീതെയുള്ള ഫാഷൻസ്ട്രീറ്റിലെ കടകൾ നീക്കം ചെയ്തു കഴിഞ്ഞാലുടൻ ജോലികൾ ആരംഭിക്കും. 74 വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും പൊളിച്ചുനീക്കേണ്ടത്.

ടെൻഡർ നടപടികൾ പൂർത്തിയാകുംമുൻപ് കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും കച്ചവടക്കാരുടെ പുനരധിവാസത്തിനായി അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ പദ്ധതി നീണ്ടു.

മഹാരാജാസ് ഒഴിവാക്കി

കനാലിന്റെ നവീകരണം പൂർത്തിയാകുന്നതുവരെ കച്ചവടക്കാരെ താത്കാലിക സ്ഥലത്തേക്ക് മാറ്റും. പണി ആരംഭിച്ചാൽ മൂന്നു മാസത്തിനുള്ളിൽ തീർക്കാൻ കഴിയുമെന്ന് ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ബാജിചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് കച്ചവടക്കാരെ മാറ്റാൻ ആദ്യം തീരുമാനിച്ചെങ്കിലും വിദ്യാർത്ഥിസംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അധികൃതർ പിന്മാറി.

അംബേദ്‌കർ സ്റ്റേഡിയത്തിലേക്ക്

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള അംബേദ്‌കർ സ്റ്റേഡിയമാണ് കച്ചവടക്കാരുടെ പുനരധിവാസത്തിനായി ഇപ്പോൾ കണ്ടുവച്ചിരിക്കുന്നത്. കോർപ്പറേഷൻ, ജലസേചനം, ജി.സി.ഡി.എ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചു. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.

പുതുക്കിപ്പണി ഇങ്ങനെ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ ടി.ഡി റോഡ് വരെ മുല്ലശേരിക്കനാലിന്റെ 810 മീറ്റർ ദൂരം പൂർണമായും പുതുക്കിപ്പണിയും. അടിത്തട്ടിലെ കനത്തിലുള്ള കോൺക്രീറ്റ് ബെഡും കനാലിന്റെ ഭിത്തിയും പൊളിച്ചുമാറ്റും. കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽനിന്ന് ഗാരേജിലേക്ക് പോകാനുപയോഗിക്കുന്ന തിരക്കേറിയ റോഡാണ് ഈ ഭാഗത്തേത്. ചിറ്റൂർ റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലേക്ക് കടക്കുന്ന പ്രധാന പാതയും കൂടിയാണിത്. അതിനാൽ പൊളിച്ചുപണിയുമ്പോൾ ഗതാഗത തടസമുണ്ടാകുമെന്നതിനാൽ ഇതിന് പരിഹാരം കാണണം.
അതിരുകൾ കണ്ടെത്താൻ താലൂക്ക് സർവേ ടീം നടത്തിയ പഠനത്തിൽ നാലുമീറ്റർവരെ കനാലിന് വീതിയുണ്ടെന്ന് കണ്ടെത്തിയെങ്കിലും പല സ്ഥലത്തും പ്രത്യേകിച്ച് എ.കെ. ശേഷാദ്രി റോഡിൽ അത് രണ്ടു മീറ്റർ വരെയായി ചുരുങ്ങിയിട്ടുണ്ട്. സമീപത്തെ റോഡുകളുടെ നിർമാണത്തിനാണ് കനാലിന്റെ സ്ഥലം കൂടുതലും കൈയേറിയിരിക്കുന്നത്. കനാലിന്റെ തുടക്കംമുതലുള്ള ഭാഗം 810 മീറ്റർ നീളത്തിലും 3.4 മീറ്റർ വീതിയിലും 2.3 മീറ്റർ ആഴത്തിലുമായിരിക്കും നിർമ്മിക്കുക.