ചൂട് 32 ഡിഗ്രി സെൽഷ്യസ് കടന്നു.
കോലഞ്ചേരി: നാടും നഗരവും ചൂടിൽ പൊള്ളി കരിയുന്നു. പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. വേനൽക്കാലമാരംഭിക്കും മുന്നേയുള്ള കാലാവസ്ഥാമാറ്റം ഏറെ ഭീതിയോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്. ശരാശരിയിൽ നിന്ന് താപനില ഉയരുന്നതായാണ് കാലാവസ്ഥാകേന്ദ്രവും റിപ്പോർട്ട് ചെയ്യുന്നത്. മഴ മാറിനിൽക്കുതാണ് ചൂടുകൂടാൻ കാരണമായി പറയുന്നത്. പതിവിലും വിപരീതമായി ഈ വർഷം മഴ കൂടുതലായി ലഭിച്ചിരുന്നു, എന്നാൽ അതിനെ വെല്ലുന്ന ചൂടാണിപ്പോൾ. പുലർച്ചെയുള്ള തണുപ്പും പീന്നീടുവരുന്ന ചൂടും പകർച്ചവ്യാധികൾക്കും ഇടയാക്കും. കഠിനമായ ചൂടിൽ കുഴഞ്ഞുവീണുള്ള അത്യാഹിതങ്ങളും കൂടുന്നു.
 വൈദ്യുതിമുടക്കവും പാരയാകുന്നു
ചൂടിനൊപ്പം വൈദ്യുതി മുടക്കവും കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കുകയാണ്. സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കവും ജനങ്ങളെ വലയ്ക്കുന്നു. മിക്കവാറും ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ അപ്രഖ്യാപിത വൈദ്യുതി മുടക്കവുമുണ്ട്.
 ജാഗ്രത പാലിക്കണം
വേനൽകാഠിന്യം വർദ്ധിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സൂര്യാഘാത സാദ്ധ്യത മുന്നിൽക്കണ്ട് 12 മുതൽ വൈകിട്ട് 3വരെ വിശ്രമസമയമാക്കി തൊഴിൽ സമയം ക്രമീകരിക്കണം. വഴിയരികിൽ ആരെങ്കിലും വീണുകിടക്കുന്നതു കണ്ടാൽ അവഗണിക്കാതെ സഹായം ലഭ്യമാക്കണം.
 ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ധാരാളം ശുദ്ധജലം കുടിക്കണം
തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം
പകൽ യാത്രചെയ്യുമ്പോൾ ശുദ്ധജലവും കുടയും കരുതണം
രോഗികളും മുതിർന്നവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം
ക്ഷീണം അനുഭവപ്പെട്ടാൽ വേണ്ടത്ര വിശ്രമം അനുവദിക്കണം
ദീർഘനേരം വെയിലേറ്റുള്ള നടത്തവും ജോലിയും ഒഴിവാക്കുന്നതാണ് ഉത്തമം
കൃത്രിമ ശീതളപാനീയങ്ങൾ, മദ്യം, പുകവലി പാടേ ഉപേക്ഷിക്കണം.