 
അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ പന്തയ്ക്കൽ മുതൽ എടക്കുന്ന് വരെയുള്ള പൊതുമരാമത്ത് റോഡ് ജനകീയ കൂട്ടായ്മയിൽ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും 6 മീറ്റർപോലും വീതിയില്ലാതെ കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ പ്രദേശങ്ങളിൽ ജനങ്ങളുടെ സഹകരണത്തോടെ മതിലുകൾ പൊളിച്ച് നീക്കി ഇരുവശങ്ങളിലും ഭൂമി ഏറ്റെടുത്ത് റോഡ് മുഴുവനായും 8 മീറ്റർ വീതിയായി വികസിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. 64 വ്യക്തികളുടേയും നസ്രത്ത് സ്ഥാപനങ്ങളടേയും എടക്കുന്ന് പള്ളിയുടേയും അതിരൂപതയടേയും ഭൂമി സൗജന്യമായി വിട്ടുനൽകിയിട്ടുണ്ട്. ഭൂമി വിട്ടുനൽകിയവർക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ച് പുതിയ മതിൽ നിർമ്മിച്ച് നൽകും.
റോജി എം. ജോൺ എം.എൽ.എ മുൻകൈയെടുത്ത് പന്തയ്ക്കൽ എടക്കുന്ന് റോഡ് ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കുവാൻ 2 കോടിരൂപ അനുവദിച്ചിരുന്നു. റോഡിന്റെ നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ റോഡിന്റെ വികസനം ലക്ഷ്യംവച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളടേയും രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും സാമുദായിക സംഘടനാ നേതാക്കളടേയും റോഡിന്റെ ഇരുവശങ്ങളിലെ ഭൂവുടമകളുടേയും യോഗം വിളിച്ച് രൂപംകൊടുത്ത ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ നാടിനു മാത്യകയാവുന്ന തരത്തിൽ പരോഗമിക്കുന്നത്.
സമാനമായ രീതിയിൽ എം.എൽ.എയുടെയും ജനകീയ സമിതിയുടേയും നേത്യത്വത്തിൽ കറുകുറ്റി കേബിൾ മുതൽ പന്തയ്ക്കൽ വരെയുള്ള റോഡ് വികസിപ്പിച്ചിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി എടക്കുന്ന് നൈപുണ്യ സ്‌കൂളിന് സമീപം പണിയുന്ന കൽവെർട്ടിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു.
കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി പോളി, ജനകീയ സമിതി കൺവീനർ സി.പി. സെബാസ്റ്റ്യൻ, ട്രഷറർ ജോയ് പള്ളിയാൻ, പി.പി. വാവച്ചൻ, എ.കെ. ശിവൻനായർ, എൻ.വി. പോളി, ഫാ. സെബാസ്റ്റ്യൻ തളിയൻ, വർഗ്ഗീസ് പാലാട്ടി, കെ.പി. അയ്യപ്പൻ, റോസി പോൾ, മേരി പൈലി, മിനി ഡേവിസ്, ജിജോ പോൾ എന്നിവർ സന്നിഹിതരായിരുന്നു.