
കോലഞ്ചേരി: ഐരാപുരം കുന്നക്കുരുടി തട്ടുപാലം പുനർനിർമ്മിക്കാൻ 1.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തട്ടാംമുഗളിൽ നിന്ന് മണ്ണൂർക്കെത്താനുള്ള എളുപ്പവഴിയാണിത്. ഈ റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കുനുള്ള നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയാണ് പാലം പുതുക്കിപ്പണിയുന്നത്. മണ്ണൂർ പോഞ്ഞാശേരി റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി അതുവഴിയുള്ള യാത്ര ദുഷ്ക്കരമായതോടെ തട്ടുപാലംവഴി ഭാരവാഹനങ്ങളുടെ സഞ്ചാരം കൂടിയിരുന്നു. രണ്ട് വർഷംമുമ്പ് പാലം വഴിയുള്ള ഭാരവാഹന യാത്ര നിരോധിച്ചിരുന്നതാണ്. എന്നാൽ വാഹനങ്ങൾ യഥേഷ്ടം ഇതുവഴി പോകുന്നുണ്ട്. ഏതു നിമിഷവും നിലം പൊത്താവുന്ന വിധത്തിൽ പാലത്തിന്റെ ഫൗണ്ടേഷൻ കല്ലുകൾ അടർന്നുനിൽക്കുകയാണ്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലോടെയാണ് പാലം നിർമാണം തുടങ്ങുന്നതിനുള്ള തുക അനുവദിച്ചത്.