നെടുമ്പാശേരി: ജനകീയ പ്രതിഷേധം നിലനിൽക്കേ പൊലീസ് സംരക്ഷണയിൽ പാറക്കടവിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിച്ചു. പാറക്കടവ് പഞ്ചായത്ത് പുളിയനം ത്രിവേണിയിലാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലുകൾ സ്ഥാപിച്ചത്.
പ്രദേശവാസികൾ എതിർപ്പുമായെത്തിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി. ബുധനാഴ്ച്ച ഇവിടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയിരുന്നു. കിടപ്പാടവും കൃഷിഭൂമിയും ഇവിടെ ഏറ്റെടുക്കുന്നതിൽ ഉൾപ്പെടും. പാറക്കടവ് പഞ്ചായത്തിലെ 16, 17, 18 വാർഡുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. റവന്യൂ ഡെപ്യൂട്ടി തഹസിൽദാർ അശോക് സെൻ, ടെക്‌നോ വിഷൻ പ്രൊജക്ട് മാനേജർ ശശി കുമാർ, സർവ്വേയർ ബിനു, കെ.ആർ.ഡി.സി.എൽ ഫീൽഡ് എൻജിനീയർ ഗോകുൽ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കല്ലുകൾ സ്ഥാപിച്ചത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. റാഫി, അങ്കമാലി സി.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിൽ 30ഓളം പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നു.