 
പെരുമ്പാവൂർ: നിർദ്ദിഷ്ട കാലടി സമാന്തരപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് അനുമതി ലഭ്യമായി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽവരുന്ന നിർദ്ദിഷ്ടപാലത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരുമ്പോൾ ഭൂമി നഷ്ടമാവുന്ന വ്യക്തികളുടെ യോഗം എൽദോസ് കുന്നപ്പിളളി എം.എൽ.എയുടെ ഓഫീസിൽ വിളിച്ചുചേർത്തിരുന്നു.
പെരുമ്പാവൂരിനും അങ്കമാലിക്കുമിടയിൽ എം.സി റോഡിന് അരികിലായാണ് കാലടി പട്ടണം സ്ഥിതിചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സംസ്‌കൃത സർവ്വകലാശാല, അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ പാലം വരുന്നതോടെ സഹായകരമാകും.
പെരുമ്പാവൂർ അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കാലടി ശ്രീശങ്കരപ്പാലത്തിന് ബലക്ഷയംമൂലം പുതിയ പാലത്തിന് 2011ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിന് ലാൻഡ് അക്യുസിഷൻ ഓഫീസറായി ആലുവ നാഷണൽഹൈവേ നമ്പർ 2 തഹസിൽദാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമാണം ഉടനെ ആരംഭിക്കാനാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.