കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടപ്പാക്കണമെന്ന സീറോമലബാർ സഭാ സിനഡിന്റെ നിർദ്ദേശം ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ തള്ളി. ജനാഭിമുഖ കുർബാന തുടരുമെന്ന് ഇന്നലെ വൈകിട്ട് അദ്ദേഹം പ്രസ്താവന പുറത്തിറക്കി. വൈദികരും വിശ്വാസികളും ഒമ്പത് ദിവസമായി നടത്തിവന്ന നിരാഹാരസമരം ആർച്ച് ബിഷപ്പിന്റെ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.
നിരാഹാരമനുഷ്ഠിക്കുന്നവരുടെ ജീവനെ മാനിച്ചും അതിരൂപതുടെ പൊതുവികാരം മനസിലാക്കിയുമാണ് ജനാഭിമുഖ കുർബാന തുടരാൻ അനുവദിച്ചത്. സിനഡ് ആവശ്യപ്പെട്ടതുപോലെ പരിഷ്കരിച്ച കുർബാന നടപ്പാക്കണമെന്ന സർക്കുലർ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെയും വത്തിക്കാനിലെ സഭാ അധികൃതരെയും രേഖാമൂലം അറിയിച്ചു. പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരുമെന്നും ആന്റണി കരിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം സമാപിച്ച സഭാ സിനഡ് പരിഷ്കരിച്ച കുർബാന നടപ്പാക്കാൻ ആർച്ച് ബിഷപ്പിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
വൈദികരായ ബാബു കളത്തിൽ, ടോം മുള്ളൻചിറ, വിശ്വാസികളായ പ്രകാശ് പി. ജോൺ, എൻ.ഒ. തോമസ് എന്നിവർ നടത്തിയിരുന്ന നിരാഹാരസമരം ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിപ്പിച്ചു.