മൂവാറ്റുപുഴ: പുളിന്താനം ചെനയപ്പിള്ളിൽ സി.പി.ജോർജ് (78), മകൻ സന്തോഷിന്റെ മകൻ ജെറിൻ (13) എന്നിവരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് 500 മീറ്റർ മാറിയുള്ള പാടത്ത് കളനാശിനി തളിക്കാൻ പോയതായിരുന്നു ജോർജ്. ജെറിനും ഒപ്പം പോയിരുന്നു. ഒരുമണിക്ക് ഓൺലൈൻ ക്ലാസിന് ജെറിൻ എത്താത്തതിനാൽ സന്തോഷ് അന്വേഷിച്ചെത്തിയപ്പോൾ പാടത്തോട് ചേർന്നുള്ള കുളത്തിനു സമീപം തൊപ്പിയും കുളത്തിൽ ചെരുപ്പും പ്ലാസ്റ്റിക് കപ്പും കണ്ടു. വിവരമറിയിച്ചതനുസരിച്ച് കല്ലൂർക്കാടു നിന്ന് അഗ്നിരക്ഷാസേന എത്തിയാണു കുളത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.
അടിയിൽ നാലടിയോളം ചെളിയുള്ള കുളത്തിൽ എട്ടടിയോളം വെള്ളമുണ്ട്. ജെറിൻ കപ്പിൽ വെള്ളം എടുക്കുന്നതിനിടെ കുളത്തിൽ വീണെന്നും ജോർജ് രക്ഷിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ടെന്നുമാണ് നിഗമനം. ഇരുവരും ചെളിയിൽ പൂണ്ടു പോവുകയായിരുന്നു. മൃതദേഹങ്ങൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് 4 ന് പുളിന്താനം സെന്റ് ജോൺസ് ബസ്‌ഫാഗെ യാക്കോബായ സുറിയാനി പള്ളിയിൽ. ജോർജിന്റെ ഭാര്യ: ചാത്തമറ്റം വെള്ളാങ്കണ്ടത്തിൽ സാറാമ്മ (റിട്ട. അദ്ധ്യാപിക). മകൾ: സ്മിത (യു.എസ്.എ). മരുമക്കൾ: വാളകം മൂത്തേടത്ത് ജോസൺ (യു.എസ്.എ), തൃക്കളത്തൂർ ആലയ്ക്കൽ സ്മിത സന്തോഷ്. സന്തോഷ് പോത്താനിക്കാട് ടൗണിലെ വ്യാപാരിയാണ്.
പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണു ജെറിൻ. സഹോദരങ്ങൾ: റോഹൻ, ജെറോൺ. .