കുറുപ്പംപടി : നെല്ലിമോളം കുറുപ്പംപടി റോഡിൽ കരിങ്കൽ ലോറികളുടെ അതിവേഗ പാച്ചിൽ മൂലം പൊടി ശല്യം രൂക്ഷമാകുന്നതായി പരാതി. സമീപപ്രദേശങ്ങളിലെ ക്രഷറുകളിലേക്ക് കരിങ്കൽ ലോഡുമായി പോവുകയും അവിടെനിന്നും മെറ്റലും പാറപ്പൊടിയും മറ്റും കയറ്റി തിരികെ പോകുന്നതുമായ വാഹനങ്ങളിൽ നിന്നുമാണ് പൊടി ഉയരുന്നത്. കരിങ്കല്ല് പൊടികൾ റോഡിലേക്കും റോഡിന് ഇരുവശവും ഉള്ള വീടുകളിലേക്കും കടകളിലേക്കും വീഴുന്നതും പതിവാണ്. വേനൽക്കാലമായതിനാൽ നിരന്തരം വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. ആസ്മ, അലർജി, ശ്വാസതടസ്സം മുതലായ രോഗികൾക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുളവാക്കുന്നുണ്ട്.
ടിപ്പർ ,ടോറസ് മുതലായവണ്ടികളിലാണ് അമിതമായ ലോഡ് കയറ്റി വരുന്നത്. പാറകല്ലും , മണലും, മെറ്റലും, പൊടിയും മറ്റും കയറ്റി പോകുന്ന വാഹനങ്ങൾ വെള്ളം നനച്ച് അതിനുശേഷം മൂടിക്കെട്ടി പോകണമെന്നാണ് നിയമമെങ്കിലും അതൊന്നും ആരും തന്നെ പാലിക്കുന്നില്ല. മുൻകാലങ്ങളിൽ ക്രഷർ ഉടമകൾ പൊടി ശല്യം രൂക്ഷമാകാതിരിക്കാൻ റോഡ് നനക്കുന്നത് പതിവുണ്ടായിരുന്നു. ഇപ്പോൾ അതൊന്നും തന്നെ ചെയ്യാന്നില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ യാതൊരുവിധ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം എന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. കൃഷറിൽ നിന്നും അമിത തോതിലുള്ള പൊടി പറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുളവാക്കിയതിനാൽ പഞ്ചായത്തിൽ മേൽ നടപടികൾക്കായി പരാതി നൽകിയിട്ടുണ്ട്.