kodiyeri

"കേരളത്തിലെ കോൺഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവമുണ്ടെന്ന് സ്ഥാപിക്കാൻ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഒരു നേതൃനിരയാണ് ഉണ്ടായിരുന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എൽ. ജേക്കബിനെ കെ.പി.സി.സി പ്രസിഡന്റാക്കി. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കി. കഴിഞ്ഞ തവണ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട നേതാക്കളെയെല്ലാം ഇപ്പോൾ അവഗണിച്ചു വച്ചിരിക്കുകയാണ്. ഗുലാം നബി ആസാദ് എവിടെ? സൽമാൻ ഖുർഷിദ് എവിടെ? കെ.വി.തോമസ് എവിടെ? ഇവരെയെല്ലാം ഒതുക്കിവച്ചത് ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമാണ്." സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌‌ണൻ ജനുവരി 18 ന് തിരുവനന്തപുരത്ത് പ്രസംഗിച്ചതാണിത്. കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി മതന്യൂനപക്ഷങ്ങളെ അവഗണിക്കുന്നു, കേരളത്തിൽപ്പോലും നേതൃത്വത്തിൽ നിന്ന് അകറ്റി നിറുത്തിയിരിക്കുന്നു. ഭൂരിപക്ഷ സമുദായക്കാരായ വി.ഡി. സതീശൻ പ്രതിപക്ഷനേതാവും കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റുമായി ഇരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതു രാഹുൽഗാന്ധി മുന്നോട്ടുവച്ച മൃദുഹിന്ദുത്വ സമീപനത്തിന്റെ തുടർച്ചയാണെന്നും കോടിയേരി കൂട്ടിച്ചേർക്കുന്നു. കോടിയേരി പറഞ്ഞതിൽ കുറച്ച് കാര്യമുണ്ട്. കോൺഗ്രസ് പാർട്ടി എല്ലായിപ്പോഴും സാമുദായിക സംതുലനത്തിൽ വിശ്വസിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നിയമസഭാകക്ഷി നേതാവും പി.സി.സി പ്രസിഡന്റും ഒരേ മതക്കാരാവാറില്ല. ഒരാൾ ഹിന്ദുവെങ്കിൽ മറ്റേയാൾ ക്രിസ്ത്യാനിയായിരിക്കും എന്നാണ് നാട്ടുനടപ്പ്. എന്നാൽ അത് എല്ലായിപ്പോഴും അങ്ങനെ വേണമെന്നുമില്ല. കെ. കരുണാകരൻ നിയമസഭാകക്ഷി നേതാവായിരുന്ന കാലത്ത് ആദ്യം കെ.കെ. വിശ്വനാഥനായിരുന്നു പി.സി.സി പ്രസിഡന്റ്. അദ്ദേഹം ഗുജറാത്ത് ഗവർണറായി പോയപ്പോൾ എ.കെ. ആന്റണിയായി. ആന്റണി മുഖ്യമന്ത്രിയായപ്പോൾ വരദരാജൻ നായരായി അദ്ധ്യക്ഷൻ. 1978 ൽ പാർട്ടി പിളർന്നപ്പോൾ കരുണാകരൻ കോൺഗ്രസ് ഐയുടെ നിയമസഭാ കക്ഷി നേതാവായി. സാമുദായിക സംതുലനത്തിനുവേണ്ടി പ്രൊഫ. കെ.എം. ചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റാക്കി. ചാണ്ടി പോണ്ടിച്ചേരിയിൽ ലഫ്റ്റനന്റ് ഗവർണറായി പോയപ്പോൾ എ.എൽ. ജേക്കബിനെ പ്രസിഡന്റാക്കി. എന്നാൽ അദ്ദേഹത്തെ മന്ത്രിസഭയിലെടുത്തപ്പോൾ സി.വി പത്മരാജനായി പി.സി.സി പ്രസിഡന്റ്. കരുണാകരൻ മുഖ്യമന്ത്രിയും പത്മരാജൻ പ്രസിഡന്റുമായി ഇരുന്നതുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ മതേതര സ്വഭാവത്തിന് എന്തെങ്കിലും ഉൗനം തട്ടിയതായി മാർക്സിസ്റ്റ് പാർട്ടിയുടെ ഏതെങ്കിലും ഒരു നേതാവ് അന്ന് ആരോപിക്കുകയുണ്ടായില്ല. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ കൂടിയും അങ്ങനെ ഒരു ആക്ഷേപം പറഞ്ഞു കേട്ടിട്ടില്ല. എ.കെ. ആന്റണിയെ തോൽപിച്ച് വയലാർ രവി കെ.പി.സി.സി പ്രസിഡന്റായപ്പോഴും ആരും സാമുദായിക പരാമർശങ്ങൾ നടത്തിയില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ആദ്യം വി.എം. സുധീരനും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനുമായിരുന്നു പ്രസിഡന്റുമാർ. അപ്പോഴും ഒരാക്ഷേപവും ആർക്കും തോന്നിയില്ല.

ന്യൂനപക്ഷ സമുദായങ്ങൾക്ക് അനർഹമായ പ്രാതിനിധ്യവും പരിലാളനവും നൽകുന്നുവെന്നായിരുന്നു കോൺഗ്രസിനെയും യു.ഡി.എഫിനെയും കുറിച്ച് എല്ലായിപ്പോഴും ഉണ്ടായിരുന്ന ആവലാതി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുസ്ളിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചതിനെ തുടർന്നുണ്ടായ പുകിലും പുക്കാറും ഓർമ്മിക്കുക. യു.ഡി.എഫിൽ ഭൂരിപക്ഷ സമുദായക്കാർക്ക് രക്ഷയില്ലെന്ന് ഇടതുപക്ഷ നേതാക്കൾ അടക്കം പറഞ്ഞു. ചില സമുദായ നേതാക്കൾ അതേറ്റുപിടിച്ചു. ആ ആവലാതി സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കുകയും 2016 ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്തു.

കോടിയേരി ബാലകൃഷ്‌ണൻ സമ്മതിച്ചാലും ഇല്ലെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷ സമുദായാംഗങ്ങളുടെ പ്രധാന പാർട്ടി ബി.ജെ.പിയല്ല, സി.പി.എമ്മാണ്. സി.പി.എം, സി.പി.ഐ പാർട്ടികളുടെ പ്രവർത്തകരിലും അനുയായികളിലും 90 ശതമാനവും ഹിന്ദുക്കളാണ്. ന്യൂനപക്ഷ പ്രാതിനിധ്യം പേരിനു മാത്രമേ ഉണ്ടായിട്ടുള്ളൂ. നേതാക്കന്മാരുടെ കാര്യത്തിലും ഈ അനുപാതം ഏറെക്കുറേ ശരിയാണ്. ഇക്കഴിഞ്ഞ സമ്മേളന കാലാവധിയിൽ സി.പി.എമ്മിന്റെ 14 ജില്ലാ സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണ് ന്യൂനപക്ഷക്കാരനായി ഉണ്ടായിരുന്നത് - തൃശൂരിലെ എം.എം. വർഗീസ്. സംസ്ഥാന കമ്മിറ്റിയിലും മൃഗീയ ഭൂരിപക്ഷം ഹിന്ദുക്കൾക്കാണ്. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരാൾ മാത്രമാണ് മുസ്ളിം - എളമരം കരിം. ക്രിസ്ത്യാനികൾ നാലുപേർ മാത്രം. മറ്റെല്ലാവരും ഭൂരിപക്ഷ സമുദായക്കാർ. മുമ്പും ഇതുപോലെയൊക്കെത്തന്നെ ആയിരുന്നു. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ടി.എ. മജീദ് മാത്രമായിരുന്നു മുസ്ളിം മന്ത്രി. 1967 ലെ ഇ.എം.എസ് മന്ത്രിസഭയിൽ ഇ.കെ. ഇമ്പിച്ചിബാവ, 1987 ലെ നായനാർ മന്ത്രിസഭയിൽ ടി.കെ. ഹംസ, 1996 ലെ നായനാർ മന്ത്രിസഭയിൽ പാലൊളി മുഹമ്മദ് കുട്ടി, 2006 ലെ വി.എസ്. മന്ത്രിസഭയിൽ പാലൊളിയും എളമരം കരിമും, 2016 ലെ പിണറായി സർക്കാരിൽ എ.സി മൊയ്തീൻ, ഇപ്പോഴത്തെ മന്ത്രിസഭയിൽ പി.എ. മുഹമ്മദ് റിയാസ്. ഇവിടം കൊണ്ട് അവസാനിക്കുന്നു ഇടതുപക്ഷ മന്ത്രിസഭകളിലെ മുസ്ളിം പ്രാതിനിധ്യം.

സി.പി.ഐയിൽ നിന്ന് ആകെ കെ.ഇ. ഇസ്മയിൽ മാത്രമേ മന്ത്രിയായിട്ടുള്ളൂ. മാർക്സിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിലും ന്യൂനപക്ഷ പ്രാതിനിധ്യം ശുഷ്കമാണ്. 1964 ൽ സി.പി.എം രൂപീകൃതമായതിനുശേഷം രണ്ടേ രണ്ട് മുസ്ളിങ്ങൾ മാത്രമേ പോളിറ്റ് ബ്യൂറോയിൽ എത്തിയിട്ടുള്ളൂ - മുഹമ്മദ് സലിമും ഹന്നൻ മൊല്ലയും. ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് എം.എ. ബേബി മാത്രം. ദോഷം പറയരുതല്ലോ പട്ടികജാതിയിൽ നിന്ന് ഒരാൾ പോലും ഇതുവരെ ആ മഹോന്നത സമിതിയിൽ എത്തിയിട്ടില്ല. നിലവിൽ പോളിറ്റ് ബ്യൂറോയിൽ അംഗങ്ങളായ 17 ൽ 13 പേരും സവർണ സമുദായക്കാരാണ്, അതിൽത്തന്നെ എട്ടുപേർ ബ്രാഹ്മണരാണ്. സാമുദായിക പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഈ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും മാർക്സിസ്റ്റ് പാർട്ടിയെയും പ്രതിനിധീകരിച്ച് കേരളത്തിൽ മുഖ്യമന്ത്രിമാരായിരുന്നവരെല്ലാം ഹൈന്ദവരായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ. ഇത:പര്യന്തം മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിമാരായി വന്നവരെല്ലാം തന്നെ ഹിന്ദുക്കളാണ് - സി.എച്ച്. കണാരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറിമാർ ഏറെക്കുറേ എല്ലാവരും സവർണ ഹിന്ദുക്കളായിരുന്നു - പി. സുന്ദരയ്യ, ഇ.എം.എസ് നമ്പൂതിരിപ്പാട്, പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി. ജാട്ട് സിഖ് വിഭാഗക്കാരനായ ഹർകിഷൻ സിംഗ് സുർജിത് മാത്രമാണ് ഏക അപവാദം.

സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരം കൈയാളുമ്പോൾ ന്യൂനപക്ഷ പ്രാതിനിധ്യം തുലോം കമ്മിയായിരുന്നു. ക്രിസ്ത്യൻ, മുസ്ളിം വിഭാഗങ്ങളെ അവഗണിച്ചതാണെന്ന് കരുതാൻ വയ്യ. അണികളിലും പ്രവർത്തകരിലും നേതാക്കന്മാരിലും ന്യൂനപക്ഷക്കാർ നന്നേ കുറവായിരുന്നു എന്നതുതന്നെ കാരണം. വസ്തുതകൾ ഇപ്രകാരമാണെന്നിരിക്കെ കോൺഗ്രസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ കോടിയേരി ബാലകൃഷ്‌ണനു ധൈര്യം വന്നതെന്തുകൊണ്ടായിരിക്കും? കോൺഗ്രസുകാർ പൊതുവേ ചരിത്രബോധം കുറഞ്ഞവരാണ്. ഫലപ്രദമായി മറുപടി പറയാൻ അവർക്ക് കഴിയില്ലെന്ന ആത്മവിശ്വാസമായിരിക്കാം. അതല്ലെങ്കിൽ, ന്യൂനപക്ഷ സമുദായാംഗങ്ങൾ വൈകാരികമായി പ്രതികരിക്കും; കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യത്യസ്ത ജാതിക്കാരാണെങ്കിലും ഒരേ മതക്കാരായിരിക്കുന്നതിൽ പ്രതിഷേധിക്കുമെന്ന മിഥ്യാധാരണ കൊണ്ടായിരിക്കും. അതുമല്ലെങ്കിൽ പച്ചയ്‌ക്ക് വർഗീയത പറഞ്ഞാൽ പത്ത് വോട്ട് കൂടുതൽ കിട്ടുമെന്ന് കരുതിയിട്ടുമാകാം. കോടിയേരിക്ക് നാക്കുപിഴ പറ്റിയതല്ലെന്ന് അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രതികരണങ്ങൾ തെളിയിക്കുന്നു. മാത്രമല്ല, സെക്രട്ടറിയെ സർവാത്മനാ പിന്തുണച്ചു കൊണ്ട് പാർട്ടിപത്രം എഡിറ്റോറിയലും എഴുതിയിട്ടുണ്ട്. കോടിയേരിയും പാർട്ടിയും രണ്ടും കല്പിച്ചാണെന്നു വ്യക്തം. ഏതായാലും അദ്ദേഹം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. അല്ലെങ്കിൽത്തന്നെ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ പല ശക്തികളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് വീണ്ടും പരാജയപ്പെടുകയും മുസ്ളിം ലീഗ് ഇനിയൊരു അഞ്ചുകൊല്ലം കൂടി അധികാരത്തിനു പുറത്തു നിൽക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ളിങ്ങൾക്കിടയിൽ വലിയ നിരാശയും വ്യർത്ഥതാ ബോധവും വ്യാപിക്കുന്നുണ്ട്. ആ സാഹചര്യം മുൻനിറുത്തി മതരാഷ്ട്ര വാദവും മതമൗലികവാദവും പ്രചരിക്കുന്നവരുമുണ്ട്. പോപ്പുലർഫ്രണ്ട് പോലെയുള്ള വിധ്വംസക ശക്തികൾ ഈ കനകാവസരം മുതലാക്കുന്നുമുണ്ട്. അങ്ങനെ ആപത്കരമായ ഒരു സ്ഥിതിയിലേക്ക് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മതനിരപേക്ഷതയ്ക്ക് കേൾവികേട്ട മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതും തെറ്റാണെന്ന് ബോദ്ധ്യമായിട്ടും ആവർത്തിച്ചു പറയുന്നതും.