
ജില്ലയിൽ പനി ബാധിതർ കൂടുന്നു.
കൊച്ചി: ജില്ലയിൽ കൊവിഡിന് പുറമെ വൈറൽ പനിയും മറ്റുപനികളും വ്യാപിക്കുന്നു. കൊവിഡിന് സമാന ലക്ഷണങ്ങളാണ് ഇത്തരം പനികൾക്കുമുള്ളത്. ഇവർക്ക് കൊവിഡ് പരിശോധന നടത്തി, നെഗറ്റീവാണെന്ന് അറിയുന്ന മുറയ്ക്കേ ചികിത്സ ലഭിക്കുന്നുമുള്ളൂ.
വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാത്രിയുണ്ടാകുന്ന തണുപ്പും രാവിലെയും ഉച്ചയ്ക്കുമുണ്ടാകുന്ന അതികഠിനമായ ചൂടും തമ്മിൽ അനുപാതമില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. വൈറൽ പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നിവയാണ് ആളുകളിൽ കൂടുതലായി കാണുന്നത്.
പ്രായമേറിയവർ പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണം. അല്ലാത്തപക്ഷം അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. വായുവിൽ അതിവേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. ആളുകൾ കൂട്ടംകൂടുന്നതും മോശംകാലാവസ്ഥയും മാസ്‌കുകൾ ഉപയോഗിക്കാത്തതും പനി പകരുന്നതിന് കാരണമാകുന്നുണ്ട്.
ജില്ലയിൽ പനി ബാധിച്ച്
ചികിത്സ തേടിയവർ
2021
ജനുവരി : 10,322
ഫെബ്രുവരി : 7,472
മാർച്ച് : 6,382
ഏപ്രിൽ : 14,393
മേയ് : 16,488
ജൂൺ : 9,515
ജൂലായ് : 11,686
ആഗസ്റ്റ് : 19,161
സെപ്തംബർ : 19,425
ഒക്ടോബർ : 16,328
നവംബർ : 17,028
ഡിസംബർ : 15,545
2022
ജനുവരി (20 വരെ) : 16,193
"കാലാവസ്ഥയിലുണ്ടായ മാറ്റം വൈറൽ ഫീവറിന് കാരണമായിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ വൈദ്യസഹായം തേടണം. തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ട് ഉണ്ടായാൽ കൊവിഡ് ടെസ്റ്റ് ചെയ്യണം. ആശുപത്രികളിൽ പനിയായി വരുന്നവർക്കായി ഫീവർ ഒ.പികൾ സജ്ജമാണ്. എല്ലാപ്പനിയും വൈറൽ ഫീവർ ആണെന്ന് ധരിക്കാൻ പാടില്ല"
ഡോ.വി. ജയശ്രീ
ജില്ലാ മെഡിക്കൽ ഓഫീസർ.