
ഫോർട്ട്കൊച്ചി: കമാല കടവിൽ നിർമ്മിക്കുന്ന മെട്രോ ബോട്ട് ജെട്ടി കൊച്ചിയുടെ കൈയ്യൊപ്പായി വിശേഷിപ്പിക്കുന്ന ചീനവലകൾക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തൽ. ഫോർട്ട്‌കൊച്ചിയുടെയും ആകർഷണങ്ങളിൽ ഒന്നായിരുന്നു ചീനവലകൾ. ഇന്ന് വെറും 7 എണ്ണമേ ഇവിടെ അവശേഷിക്കുന്നുള്ളൂ.
ഇതിൽ തന്നെ രണ്ടെണ്ണം മെട്രോ ജെട്ടിയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കേണ്ടിവരുമെന്ന ആശങ്ക ചരിത്ര സ്നേഹികൾ ചൂണ്ടികാട്ടുന്നു. 70 മീറ്റർ വാട്ടർ ഫ്രണ്ട് നീട്ടിയാണ് പുതിയ ജെട്ടി പണിയുന്നത്. അനുബന്ധമായി 20,000 ചതുരശ്രഅടിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടവും വരും. റസ്റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. തീരദേശ പരിപാലന നിയമ ലംഘനം, പൈതൃക സംരക്ഷണ നിയമ ലംഘനം എന്നിവയടക്കം കെട്ടിടം ഉയരുന്നതോടെ ഉണ്ടാകുമെന്ന് പൈതൃക സ്നേഹികൾ പറയുന്നു.
ഫോർട്ട്കൊച്ചിയുടെ പൗരാണികതയ്ക്ക് പുതിയ കെട്ടിടം ഭീഷണിയാണെന്ന് ഇൻടാക് കൊച്ചി ചാപ്റ്റർ ഭാരവാഹികളും പറയുന്നു. ജെട്ടിയുടെ നിർമ്മാണത്തിന് മുമ്പ് പ്രസിദ്ധമായ കരിപ്പുര പൊളിച്ചു മാറ്റിയത് വലിയ വിമർശനമുയർത്തിയിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് യുദ്ധക്കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനായി ബ്രിട്ടീഷുകാർ പണിത കൽക്കരി സ്റ്റോർ ചെയ്യുന്ന കെട്ടിടമായിരുന്നു കരിപ്പുര. ഏഷ്യയിലെ ഏക ഇന്ധനപ്പുരയാണ് തകർത്തത്.
മത്സ്യബന്ധനത്തിനും തിരിച്ചടി
മെട്രോ ജെട്ടിയിലേക്ക് അടിക്കടി ബോട്ടുകൾ എത്തുന്നത് ചീനവലയിലെ മത്സ്യബന്ധനത്തേയും ബാധിക്കും. രുചികരമായ കണമ്പ്, തിരുത എന്നിവ ലഭിക്കുന്നത് ഫോർട്ടുകൊച്ചി അഴിമുഖത്തെ ചീനവലകളിൽ നിന്നാണ്. ചീനവലകൾക്ക് സമീപം ബോട്ടുകൾ പോകുമ്പോൾ കടലിൽ നിന്ന് തീരത്തോട് ചേർന്ന് കയറിവരുന്ന തിരുത കൂട്ടങ്ങൾ പിൻവലിഞ്ഞ് കടലിലേക്ക് തിരിച്ചുപോയേക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.