കൊച്ചി: കുർബാനക്രമവുമായി ബന്ധപ്പെട്ട് രണ്ട് മെത്രാൻ സിനഡ് യോഗങ്ങളുടെ തീരുമാനങ്ങളും വത്തിക്കാന്റെ നിർദ്ദേശവും എറണാകുളം അങ്കമാലി അതിരൂപത തള്ളിക്കളഞ്ഞതോടെ അപൂർവവും അസാധാരണവുമായ പ്രതിസന്ധി നേരിടുകയാണ് സിറോ മലബാർസഭ. പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കേണ്ടെന്ന അതിരൂപതയുടെ തീരുമാനത്തെ സഭാനേതൃത്വം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് വിശ്വാസികൾ. പരിഷ്‌കരിച്ച കുർബാന നടപ്പാക്കില്ലെന്ന് എറണാകുളം അതിരൂപതാ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ വ്യാഴാഴ്ച അറിയിച്ചിരുന്നു. വൈദികരും വിശ്വാസികളും പരിഷ്‌കരിച്ച കുർബാനയെ എതിർക്കുകയും ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് ഒമ്പതുദിവസം നിരാഹാരസമരം നടത്തുകയും ചെയ്തതോടെയാണ് ആന്റണി കരിയിൽ സഭയുടെ തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.
അതിരൂപതയും സിറോമലബാർസഭയും നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. സിനഡ് തീരുമാനം ഒരു രൂപത ലംഘിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെങ്കിലും സഭാനേതൃത്വം പ്രതികരിച്ചിട്ടില്ല. സിനഡ് തീരുമാനം ഒരു രൂപത ലംഘിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു. ഭരണപരവും വിശ്വാസപരവുമായ തർക്കങ്ങൾക്കും ഇത് കാരണമാകും. സിനഡ് തീരുമാനം ലംഘിച്ച ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ ചുമതലയിൽനിന്ന് ഒഴിവാക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കാൻ സഭാനേതൃത്വത്തിന് കഴിയും. ഇത് സഭാ ആസ്ഥാനം കൂടിയായ എറണാകുളത്ത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ആന്റണി കരിയിലിനെതിരെ നടപടി സ്വീകരിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് അതിരൂപതാ സംരക്ഷണസമിതിയും അൽമായ മുന്നേറ്റവും വ്യക്തമാക്കി. കരിയിലിനെ നീക്കിയാൽ പകരം ബിഷപ്പിനെ കാലുകുത്താൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.