കുറുപ്പംപടി : കൂവപ്പടി പഞ്ചായത്തിലെ പ്രധാന റോഡായ വല്ലം - പാണംകുഴി റോഡിന്റെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടമായ ബി സി ലെവൽ ടാറിംഗ് ആരാഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കുറിച്ചിലക്കോട് മുതൽ പാണംകുഴി വരെയുള്ള 6.200 കിലോമീറ്റർ ദൂരമാണ് ബി.എം-ബി.സി. നിലവാരത്തിൽ നവീകരിക്കുന്നത്. വെള്ളക്കെട്ടായ ഭാഗങ്ങളിൽ റോഡ് ഉയർത്തിയും കലുങ്കുകളും കാനയും നിർമ്മിച്ചും മികച്ച നിലവരത്തിലാക്കും. 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്. മണ്ഡലത്തിലെ ഏറ്റവും ദുർഘടം നിറഞ്ഞ വഴികളിൽ ഒന്നാണ് വല്ലം-പാണംകുഴി റോഡ്. കഴിഞ്ഞ പ്രളയകാലത്ത് കോടനാട് മുതൽ കുറിച്ചിലക്കോട് വരെയുള്ള ഭാഗം വെള്ളത്തിനടിയിൽ ആയിരുന്നു.
ടൂറിസം കേന്ദ്രങ്ങളായ കോടനാട്, പാണിയേലി പോര് എന്നിവയിലേക്കുള്ള പാത എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വല്ലം-പാണംകുഴി റോഡ്. കഴിഞ്ഞ ബഡ്ജറ്റിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറിച്ചിലക്കോട് മുതല്‍ പാണം കുഴി വരെയുള്ള റോഡിലെ ആറ് കിലോമീറ്റർ ബി.എം.ബി.സി. നിലവാരത്തിൽ പുതുക്കിപ്പണിയാൻ ബഡ്ജറ്റിൽ ആറ് കോടി രൂപ അനുവദിച്ചിട്ടുള്ളത്.