കുറുപ്പംപടി :കല്ലിൽ മേതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിൽ രണ്ട് വിഭാഗങ്ങളിൽ ആയി ബഹു നിലകെട്ടിടം നിർമ്മിക്കുന്നത്. കല്ലിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയതായി സ്‌കൂൾ ബസും കുട്ടികളുടെ പഠനാവശ്യത്തിനായി ഫർണിച്ചറുകളും നൽകും.

ചരിത്ര പ്രസിദ്ധമായ കല്ലിൽ അമ്പലത്തിനടുത്താണ് കല്ലിൽ ഗവ: ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എ.എം റോഡിൽ ഓടക്കാലിയിൽ നിന്നും രണ്ട് കിലോമീറ്ററും, എം.സി റോഡിൽ കീഴില്ലത്തു നിന്നും നാലു കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. ഹൈടെക് ക്ലാസ് മുറികളും മികച്ച ലൈബ്രറിയും, ലാബുകളും,അദ്ധ്യാപകരും നിലവാരമുള്ള പഠനാന്തരീക്ഷവും ഒരുങ്ങുന്നത്തോടെ കുട്ടികളുടെ പഠന നിലവാരം ഉയരുമെന്ന് അവലോകനയോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.