പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ കുന്നക്കാട്ടുമലയിൽ എസ്.സി. സാംസ്‌കാരികകേന്ദ്രത്തിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ശിലാസ്ഥാപനം നിർവഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒക്കൽ പഞ്ചായത്തിൽ നിർമിക്കുന്ന ആദ്യത്തെ സാംസ്‌കാരികകേന്ദ്രമാണ് ഇത്. ഇതോടൊപ്പം, ജില്ലയിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സമഗ്രവികസനം നടപ്പാക്കുന്നതിനുള്ള ഏക എസ്.സി. കോളനിയായി കുന്നേക്കാട്ടുമല തിരഞ്ഞെടുത്തതായി ബ്ലോക്ക് പഞ്ചായത്തംഗം സി.ജെ. ബാബു അറിയിച്ചു. കോളനിയിലെ പ്രധാന റോഡ് എസ്.സി കോർപ്പസ് ഫണ്ടുപയോഗിച്ച് പുതുക്കി നിർമിക്കാൻ എട്ടുലക്ഷം രൂപയും അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, എം.കെ. രാജേഷ്, ഷോജ റോയി, ലതാഞ്ജലി മുരുകൻ, ബി.ഡി.ഒ. റഹീമ, കെ.എം. ഷിയാസ്, മിനി സാജൻ, സാബു മൂലൻ, സോളി ബെന്നി, രാജേഷ് മാധവൻ, അമൃത സജിൻ, ലിസി ജോണി തുടങ്ങിയവർ സംസാരിച്ചു.