കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) നേതൃത്വത്തിൽ നഗരത്തിലും പശ്ചിമകൊച്ചിയിലും നടക്കുന്ന റോഡുകളുടെ നിർമ്മാണം ഈമാസം അവസാനത്തോടെ പൂർത്തിയാകും. സ്‌മാർട്ട് റോഡുകൾ ഉൾപ്പെടെയാണിത്. നഗരത്തിൽ ബാനർജി റോഡ് ഒഴികെ സ്‌മാർട്ട് റോഡുകളുടെയും മറ്റ് 40 റോഡുകളുടെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. പശ്ചിമകൊച്ചിയിലെ ഒന്ന്, രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന 53 റോഡുകളുടെ നിർമ്മാണവും ഈമാസം അവസാനത്തോടെ പൂർത്തിയാകും. ഈ റോഡുകളിലെല്ലാം പ്രധാന നിർമ്മാണജോലികൾ പൂർത്തിയായതായി സി.എസ്.എം.എൽ അധികൃതർ പറഞ്ഞു. സൗന്ദര്യവത്ക്കരണജോലികൾ പുരോഗമിക്കുന്നു. ചെടികൾ നടുന്നതും നടപ്പാത ഒരുക്കലുമെല്ലാം പൂർത്തിയാക്കി റോഡുകൾ കൈമാറും.
300 കോടി രൂപയുടെ പദ്ധതി
നഗരത്തിൽ ആകെ അഞ്ച് റോഡുകളാണ് സ്‌മാർട്ട് റോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. മികച്ച സൗകര്യങ്ങളാണ് റോഡുകളിൽ ഒരുക്കുന്നതെന്ന് അധികൃതർ പറയുന്നു. നടപ്പാതകൾ ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ ഗതാഗതസംവിധാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയാണ് റോഡുകൾ വികസിപ്പിക്കുന്നത്.
സ്‌മാർട്ട് റോഡുകൾ
എബ്രഹാം മാടമാക്കൽ റോഡ്, ഡർബാർ ഹാൾ ഗ്രൗണ്ട് റോഡ്, പാർക്ക് അവന്യൂ റോഡ്, പാർക്ക് അവന്യൂ ലിങ്ക് റോഡ്, ഷണ്മുഖം റോഡ്, ബാനർജി റോഡ്. ബാനർജി റോഡിന്റെ നിർമ്മാണം പൂർത്തിയാകാൻ മേയ് ആകും. വിവിധ പ്രശ്‌നങ്ങൾ മൂലം റോഡിന്റെ ഏറ്റെടുക്കൽ വൈകിയതാണ് കാലതാമസത്തിന് കാരണം
ആകെ ദൂരം 5.36 കിലോമീറ്റർ
നഗരത്തിലെ മറ്റു റോഡുകൾ : 13.8 കിലോമീറ്റർ
പശ്ചിമകൊച്ചി സ്മാർട്ടാകും
പശ്ചിമകൊച്ചിയിൽ ഒന്നുമുതൽ അഞ്ചു വരെ ഡിവിഷനുകളിലാണ് റോഡ് പദ്ധതികൾ നടപ്പാക്കുന്നത്. ഒന്ന്, രണ്ട് ഡിവിഷനുകളിലായി 14.06 കിലോമീറ്റർ സ്‌മാർട്ട് റോഡാകും. 53 റോഡുകളുടെ നിർമ്മാണം ഈമാസം അവസാനം പൂർത്തിയാകും.
വീണ്ടും ടെൻഡർ
മൂന്ന്, നാല്, അഞ്ച് ഡിവിഷനുകളിലെ മറ്റ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല. നിർമ്മാണജോലികൾക്ക് പലതവണ ടെൻഡർ വിളിക്കേണ്ടിവന്നു. സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിനും വീണ്ടും ടെൻഡർ വിളിക്കാനുള്ള ഒരുക്കത്തിലാണ്. നിർമ്മാണത്തിൽ പുരോഗതിയില്ലാത്തതിനാലാണ് ടെൻഡർ റദ്ദാക്കിയതെന്ന് അധികൃതർ പറയുന്നു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതര് പറഞ്ഞു.
പശ്ചിമകൊച്ചിയിലെ സ്‌മാർട്ട് റോഡുകൾ
കെ.ബി. ജേക്കബ്ബ് റോഡ്, അമരാവതി റോഡ്, റിവർ റോഡ്, ബെല്ലാർ റോഡ്, കൽവത്തി റോഡ്.
ആകെ ദൂരം 3.24 കിലോമീറ്റർ.