
ആലുവ: റിയൽ എസ്റ്റേറ്റ് മാഫിയ മണ്ണിട്ട് നികത്താൻ നീക്കം നടത്തുന്ന എടയപ്പുറം പെലക്കുളം പാടശേഖരത്തിൽ യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി കൊടിനാട്ടി പ്രതിഷേധിച്ചു. പാടശേഖരം പ്ലോട്ടുകളാക്കുന്നതിനായി രാത്രിയുടെ മറയിൽ ഗുണ്ടാസംഘത്തിന്റെ സംരക്ഷണയിലാണ് കഴിഞ്ഞയാഴ്ച്ച കരിങ്കൽ കെട്ടി തിരിച്ചത്.
സമീപവാസികളുടെ പരാതിയെത്തുടർന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പാടശേഖരം പ്ളോട്ടുകളാക്കിയത്. വേനൽക്കാലമായാൽ അതിരൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണിത്. സമീപപ്രദേശങ്ങളിലെ മഴവെള്ളം ഒഴുകി വലിയതോട്ടിലേക്ക് എത്തുന്ന ചെറുതോടുകൾ ഉൾപ്പെടെയാണ് ഭൂമാഫിയ നീകത്താൻ നീക്കം നടത്തിയത്. പാടശേഖരത്തിൽ അനധികൃതമായി നിർമ്മിച്ച കൽക്കെട്ടുകളും മണ്ണും അടിയന്തിരമായി നീക്കം ചെയ്യാത്തപക്ഷം തുടർസമരമാരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു
ജോസി പി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. ഫസൽ വാരിക്കാട്ടുകുടി, എം.വി. ഷൈമോൻ, അമൽ ജോൺ, ഇജാസ് എടയപ്പുറം, ധനീഷ് കുളക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.