കിഴക്കമ്പലം: തേക്കടി സംസ്ഥാനപാതയുടെ ഭാഗമായ കിഴക്കമ്പലം നെല്ലാട് റോഡിൽ വലമ്പൂർ അമ്പലംപടി കഴിഞ്ഞ് വരുന്ന ഹൈലെവൽ കനാലിന് കുറുകെയുള്ള പാലം അപകടത്തിൽ. കാലപ്പഴക്കത്താൽ ജീർണ്ണവസ്ഥയിലായ പാലം ഏതു നിമിഷവും നിലംപൊത്തുന്ന സ്ഥിതിയിലാണ്. ഹൈറേഞ്ചിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് കടന്നുപോകുന്ന ഏക റോഡാണിത്. പത്ത് വർഷമായി അറ്റകുറ്റപണി നടത്താതെ കിടന്ന റോഡിന്റെ പുനർനിമ്മാണ പ്രവർത്തനങ്ങൾ നടക്കാനിരിക്കെയാണ് പാലത്തിന്റെ ജീർണാവസ്ഥ ഗുരുതരമാകുന്നത്. അമിതഭാരവുമായി ടോറസ് ടിപ്പറുകളടക്കം മൂവാറ്റുപുഴ നിന്നും ബസ് സർവ്വീസും നൂറു കണക്കിന് വാഹനങ്ങളും സദാ സമയവും ചീറിപ്പായുന്നതും ഇതു വഴിയാണ്. കിളികുളം മേഖലയിലെ ക്രഷറുകളിൽ നിന്ന് അനുവദനീയമായ അളവിലും കൂടുതൽ ലോഡുമായി ടോറസുകളുടെ മരണപ്പാച്ചിലും ഇതുവഴിയാണ്. പാലത്തിന്റെ അടിഭാഗം സിമന്റ് ഇളകിമാറി കമ്പികൾ പുറത്ത് കാണുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. കൈവരികളും തകർന്നു. പാലം പുതുക്കിപണിയണമെന്ന് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യവും നടപ്പായില്ല.