
ആലുവ: ആലുവ നഗരം മാസങ്ങളായി ഗതാഗത കുരുക്കിലാണ്. നഗരത്തിലെ കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. അതേസമയം, വാട്ടർ അതോറിട്ടിയുടെ അലംഭാവവും ട്രാഫിക്ക് പൊലീസിന്റെ വീഴ്ച്ചയുമെല്ലാം ജനങ്ങൾക്ക് ദുരിതമാകുകയാണ്.
പമ്പ് കവല മുതൽ ബാങ്ക് കവല വരെയാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പേ പമ്പ് കവല മുതൽ ബാങ്ക് കവല വരെ വൺവേ സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ റോഡിന് ഇരുവശവും വലിയ തോതിൽ കുത്തിപ്പൊളിക്കൽ നടക്കുന്നുണ്ടെങ്കിലും വൺവേ സമ്പ്രദായം ഭാഗീകമാണ്. പമ്പ് കവലയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്ന് വരുന്ന വാഹനങ്ങൾ പാലസ് റോഡിൽ ഗതാഗതം താറുമാറാക്കുകയാണ്. പമ്പ് കവലയിൽ പൊലീസിനെ നിയോഗിക്കാത്തതാണ് ഇതിന് മുഖ്യകാരണം.
മണ്ണ് നീക്കം ചെയ്യാത്തതും പ്രശ്നം, പൊടിശല്യവും
പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതുമൂലമുള്ള മണ്ണ് റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് വാഹനങ്ങൾക്ക് മാത്രമല്ല, കച്ചവടക്കാർക്കും കാൽനട യാത്രക്കാർക്കും ദുരിതമാണ്. വലിയ മൺകൂനകൾ പല ഭാഗത്തും കൂട്ടിയിട്ടിരിക്കുകയാണ്. പൈപ്പിടൽ കഴിഞ്ഞ് കുഴി അടച്ച ശേഷം അവശേഷിച്ച മണ്ണാണിത്. യഥാസമയം ഇവ നീക്കം ചെയ്താൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പാലസ് റോഡ്, മുൻസിപ്പൽ ഓഫിസ് റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് പലഭാഗത്തായി മണ്ണ് കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. പൊടി കൂടുതലുള്ള മണ്ണാണിത്.
അതിരൂക്ഷമായ പൊടിശല്യം മൂലം ബൈക്ക് യാത്രക്കാർ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. റോഡിലെ പൊടിമൂലം പല വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ വലിയ തോതിൽ മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നതിനാൽ ഇടപാടുകാർക്ക് കടകളിലേക്ക് കയറാനും പ്രയാസമാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ ഇതുമൂലം റോഡിലേക്ക് കയറി നടക്കേണ്ടി വരികയാണ്. പാലസ് റോഡ്, മുൻസിപ്പൽ റോഡ് എന്നിവ കേന്ദ്രീകരിച്ച് അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. ഇവിടെയുള്ള ആയിര കണക്കിന് വിദ്യാർഥികൾക്കടക്കം ജീവൻ പണയം വച്ചാണ് റോഡിലേക്ക് കയറി നടക്കേണ്ടിവരുന്നത്. അമിതവേഗതിയിലാണ് സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾ ഈ റോഡിലൂടെ പായുന്നത്.