മൂവാറ്റുപുഴ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ ഭരണസമിതി നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുകയും ചെയ്ത രണ്ട് പദ്ധതികളും അടച്ചുപൂട്ടിയ നിലയിൽ. ഷീ ലോഡ്ജും ഷീ ടോയ്‌ലറ്റുമാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് ഷീ ലോഡ്ജ്, ഷീ ടോയ്‌ലറ്റ് എന്നിവ നിർമിച്ചത്. ഇതിൽ ഷീ ടോയ്‌ലറ്റ് നിർമാണം പൂർത്തിയാക്കി തുറന്നെങ്കിലും താമസിയാതെ അടച്ചു പൂട്ടി. ഷീ ലോഡ്ജ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കാലത്ത് ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തത്. ഇതുവരെ പ്രവർത്തനം ആരംഭിച്ചില്ല.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചത്. രാത്രിയിൽ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത തമാസം ഉറപ്പാക്കുകയായിരുന്നു ഷീ ലോഡ്ജിന്റെ ലക്ഷ്യം. എന്നാൽ വെളിച്ചവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ധൃതി പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായിരുന്നു ഉദ്ഘാടനം. പുതിയ നഗരസഭ ഭരണ സമിതി ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

മൂവാറ്റുപുഴ ടൗണിലെ വിവിധ ഭാഗങ്ങളിലും. നെഹ്റു പാർക്കിൽ കുട്ടികളുടെ പാർക്കിനോട് ചേർന്നാണ് ഷീ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്. മൂന്നു പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ശൗചാലയമാണ് ഒരുക്കിയിരിക്കുന്നത് . 7 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. സ്ത്രീകളുടെ സൗകര്യവും സ്വകാര്യതയും കണക്കിലെടുക്കാതെ എംസി റോ‍ഡരികിൽ ഷീ ടോയ്‌ലറ്റ് സ്ഥാപിക്കുന്നത് വിജയകരമാകില്ലെന്ന മുന്നറിയിപ്പ് കണക്കിലെടുക്കാതെ മുന്നോട്ടു പോയത് തിരിച്ചടിയായി. പേരിന് ഉദ്ഘാടനം നടത്തിയെങ്കിലും ഷീ ടോയ്‌ലറ്റിന്റെ തുടർ പ്രവർത്തനം ഉറപ്പാക്കാൻ നടപടിയൊന്നും നഗരസഭയിൽ നിന്നുണ്ടായില്ല. പുതിയ ഭരണ സമിതി അധികാരമേറ്റിട്ടും ഷീ ടോയ്‌ലറ്റ് അടഞ്ഞു തന്നെ കിടക്കുകയാണ്. നഗരത്തിൽ നിന്നു സിവിൽ സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്തുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സിറ്റി ബസ് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം നിലച്ചത് സ്ത്രീകളോടുള്ള അവഗണനയാണെന്നാണ് ആക്ഷേപം ശക്തമാകുകയാണ്.