കൊച്ചി: നഗരത്തിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധ തിരുവാതിര കളിച്ച് യു.ഡി.എഫ് കൗൺസിലർമാർ. ഭരണപക്ഷമായ എൽ.ഡി.എഫ് നേതാക്കളുടെ കണ്ണ് തുറപ്പിക്കാനെന്ന് വ്യക്തമാക്കിയാണ് ഏഴ് യു.ഡി.എഫ് വനിത കൗൺസിലർമാർ തിരുവാതിര ചുവടുകൾവച്ചത്. സമ്മേളനത്തിന് മാത്രമല്ല, സമരത്തിലും തിരുവാതിര കളി കണ്ടപ്പോൾ കാണികൾക്കും കൗതുകമായി.
സെറ്റ് മുണ്ടും ഉടുത്ത് കൈയിൽ കൊതുകിനെ കൊല്ലുന്ന ബാറ്റും പിടിച്ചായിരുന്നു കോർപ്പറേഷൻ ഓഫീസിന് മുന്നിൽ തിരുവാതിര. കൈകൾ കൂട്ടിയടിയ്ക്കുന്നതിന് പകരമായി കൊതുക് ബാറ്റ് മുട്ടിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതാ കൗൺസിലർമാരുടെ തിരുവാതിരയ്ക്ക് പിന്തുണയുമായി പുരുഷൻമാരായ യു.ഡി.എഫ് കൗൺസിലർമാരും എത്തി. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ദീപ്തി മേരി വർഗീസിന് ബാറ്റ് കൈമാറി സമരം ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷനിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഫോഗിംഗ് മെഷീനുകൾ, സ്‌പ്രേയറുകൾ, പവർ സ്‌പ്രേയറുകൾ, ഡീസൽ വാഹനങ്ങൾ എന്നിവ ആവശ്യത്തിന് നൽകാത്തത് മൂലം പ്രവർത്തനങ്ങളുടെ താളം തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രവാസിയായ വനിത സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ട പള്ളുരുത്തി സോണൽ ഓഫീസിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി. എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. അഡ്വ .ആന്റണി കുരീത്തറ, ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി