വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇല്ലത്തുപടി ഓൾഡ് ഏജ് ആന്റ് ഡിമെൻഷ്യ സെന്ററിലേക്ക് ആയുർവേദധാര ചികിത്സപാത്തി നൽകി. ഡിമെൻഷ്യ സെന്ററിലെത്തിയ പ്രോഗ്രാം ഓഫീസർ റസീന, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ സ്മിത ആന്റോ എന്നിവർ ചേർന്ന് ചികിത്സപാത്തി ഡോ.അജിക്ക് കൈമാറി .

എൻ.എസ്.എസ്. വോളണ്ടിയർമാർ സ്വയം നിർമ്മിച്ച ഡിഷ് വാഷ് പരിസര പ്രദേശങ്ങളിലും മറ്റും വിൽപന നടത്തി സമാഹരിച്ച തുക കൊണ്ടാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഏക മുഴുവൻ സമയ ഡിമൻഷ്യ രോഗികളുടെ പരിചരണ കേന്ദ്രത്തിലെ രോഗികൾക്ക് ആയുർവേദ ധാര ചികിത്സക്ക് ഉപയോഗിക്കാവുന്ന പാത്തി നൽകിയത്.
കൂടാതെ വോളണ്ടിയർമാർ സമാഹരിച്ച 15000 രൂപ വിദ്യാലയത്തിലെ മാതാപിതാക്കൾ മരണപ്പെട്ട സഹപാഠിക്ക് വിദ്യാഭ്യാസ സഹായമായി നൽകി. ഇതോടൊപ്പം നായരമ്പലം ട്രൈബൽ കോളനി നിവാസികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.