മട്ടാഞ്ചേരി: ഏറെ വാശിയോടെ നടന്ന കൊച്ചി നഗരസഭ ഒന്നാം ഡിവിഷൻ ഫോർട്ട്കൊച്ചിയിലെ എ.ഡി.എസ് തിരഞ്ഞെടുപ്പിനെതിരെ പരാതി. തിരഞ്ഞെടുപ്പിൽ മത്സരിച്ച പത്ത് അംഗങ്ങളാണ് വെസ്റ്റ് സി.ഡി.എസ് വരണാധികാരിക്കും ജില്ലാ കലക്ടർക്കും നിയമം ലംഘിച്ച് നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.

തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ പക്ഷാപാതപരമായി പെരുമാറുകയും തങ്ങളെ അവഹേളിക്കുകയും മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മത്സരം നടത്തേണ്ടിവന്ന സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലറുടെ ഫോണിലൂടെയുള്ള നിർദേശപ്രകാരം പല അയൽക്കൂട്ട പ്രവർത്തകരേയും ആശാ വർക്കർമാരെ കൊണ്ടുപറഞ്ഞ് എതിർ പാനലിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതായും ചോദ്യംചെയ്ത തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടി.

മത്സരിച്ച തങ്ങൾക്ക് വോട്ട് എണ്ണുന്ന സമയത്ത് കൗണ്ടിംഗിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കുകയും വോട്ടുകൾ ബോധ്യപ്പെടുത്താതെ ഫലം പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ ഡിവിഷൻ കൗൺസിലറെ ഉദ്യോഗസ്ഥർ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കുകയും വിജയാഹ്ളാദത്തിൽ ഉദ്യോഗസ്ഥർ കൂടി പങ്കെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നടത്തിയ എ.ഡി.എസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും നിയമപരമായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫലം പ്രഖ്യാപിച്ചപ്പോൾ ചെയ്ത 201 വോട്ട് പൂർണമായും ഇല്ലായിരുന്നുവെന്നും ചെയർപേഴ്സൻ എ.പി.എൽ ആകാൻ പാടില്ലെന്നിരിക്കെ കൗൺസിലറുടെ നിർദേശ പ്രകാരം ഈ വിഭാഗത്തിലുള്ളവരെ ചെയർപേഴ്സണായി പ്രഖ്യാപിച്ചതായും ഇവർ പറയുന്നു. കനത്ത പൊലീസ് സാന്നിദ്ധ്യത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.