നെടുമ്പാശേരി: കെ. റെയിൽ പദ്ധതിക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. പാറക്കടവിൽ പ്രതിഷേധം മറികടന്ന് വൻ പൊലീസ് സന്നാഹത്തോടെ സ്ഥാപിച്ച സർവേക്കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞ് റീത്ത് വച്ചു. നെൽപ്പാടങ്ങൾക്ക് നടുവിലാണ് സ്ഥലനിർണയം നടത്തി കല്ലുകൾ സ്ഥാപിച്ചിരുന്നത്.
പിഴുതെറിഞ്ഞവർക്ക് അഭിനന്ദനവുമായി എം.എൽ.എ
ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ കെ. റെയിൽ പദ്ധതിക്കായി എളവൂരിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞവരെ റോജി എം. ജോൺ എം.എൽ.എ അഭിനന്ദിച്ചു. സമരം ചെയ്ത ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തുമാണ് കല്ലുകൾ സ്ഥാപിച്ചതെന്നും ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന സർക്കാരിന്റെ ധാർഷ്ട്യത്തിന് തക്കമറുപടി നൽകിയ ധീരൻമാർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും റോജി എം. ജോൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു.