കളമശേരി: ഏലൂർ നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരത്തിന് പ്ലാനും എസ്റ്റിമേറ്റും തയ്യറാക്കാൻ വെള്ളിയാഴ്ച ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. നിലവിലെ കൃഷിഭവൻ അങ്കണത്തിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടമാണ് പണിയുക.

ഏലൂർ പഞ്ചായത്ത് ആയിരിക്കുമ്പോൾ 1976ൽ പണിതതാണ് നിലവിലെ ആസ്ഥാന മന്ദിരം. ഇതിന്റെ ഒന്നാം നില ഷീറ്റ് പാകിയതാണ്. 11വർഷം മുമ്പ് രണ്ടാം ഗ്രേഡ് നഗരസഭയായെങ്കിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും നിന്ന് തിരിയാൻ ഓഫീസിൽ ഇടമില്ല.

നടപ്പുവാർഷിക പദ്ധതിയിൽ പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചത്. ഏലൂർ നഗരസഭയുടെ പ്രൗഢിക്കൊത്ത ആസ്ഥാന മന്ദിരം പണിയുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക ഗ്രാന്റായി 10 കോടി രൂപ ആവശ്യപ്പെടുമെന്ന് ചെയർമാൻ പറഞ്ഞു