കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരിയുടെ സ്‌കൂട്ടർ കുത്തിത്തുറന്ന് ബാഗ് മോഷ്ടിച്ച പ്രതി പിടിയിലായി. പള്ളുരുത്തി പടിപ്പുരയ്ക്കൽവീട്ടിൽ സുധീഷാണ് (38) സെൻട്രൽ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പാർക്കിംഗിൽ വച്ചിരിക്കുകയായിരുന്നു സ്കൂട്ടറിൽനിന്ന് പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് മോഷണംപോയത്. വൈകിട്ട് വീട്ടിലേക്ക് തിരിച്ചുപോകാൻ എത്തിയപ്പോഴാണ് ജീവനക്കാരി സ്‌കൂട്ടർ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എറണാകുളം സെൻട്രൽ പൊലീസ് എസ്.എച്ച്.ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ പ്രേംകുമാർ, ഫുൽജെൻ,സി.പി.ഒമാരായ ഇഗ്‌നേഷ്യസ്, ഷിഹാബ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.