മരട്: നെട്ടൂരിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയിലെ ജന പ്രതിനിധികൾ തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി എൻജിനിയറെ ഉപരോധിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്.

ചർച്ചയിൽ കുണ്ടന്നൂർ പാലത്തിനുതാഴെ 400 എം.എം ഹൈ ഡെൻസിറ്റി പൈപ്പിൽ ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്നും കൗൺസിലർമാർ അറിയിച്ചു. തുടർന്ന് എക്സിക്യുട്ടീവ് എൻജിനിയർ പ്രീത, അസിസ്റ്റന്റ് എൻജിനിയർ പ്രേമൻ എന്നിവർ അടങ്ങുന്ന സംഘത്തോടൊപ്പം ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. അടുത്തദിവസംതന്നെ പ്രശ്നം പരിഹരിച്ച് കുടിവെള്ള വിതരണം പൂർണ്ണതോതിൽ പുന:സ്ഥാപിക്കാമെന്നും എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.