df

കൊച്ചി: പ്രധാന ഇടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധന. നിയന്ത്രണം ഉറപ്പാക്കാൻ നഗരഗ്രാമ വ്യത്യാസമില്ലാതെ പട്രോളിംഗ്. വീടുകളിലെത്തി ക്വാറന്റൈൻ ഉറപ്പുവരുത്തൽ. നിർദ്ദേശം ലംഘിക്കുന്നവർക്ക് പിഴശിക്ഷ. കത്തിക്കയറിയ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഞായർ നിയന്ത്രണത്തിൽ കടുത്ത നടപടികളുമായി ഇന്ന് സജീവമായിരിക്കും പൊലീസ്. നഗരത്തിലും ഗ്രാമത്തിലും ലോക്ക്ഡൗണിന് സമാനമായിരിക്കും പരിശോധന. കൊച്ചി നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണ‌ർക്കാണ് പരിശോധനയുടെ ചുമതല. റൂറലിൽ ജില്ലാ പൊലീസ് മേധാവിക്കും. ഡിവൈ.എസ്.പി മുതൽ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകിയിട്ടുണ്ട്. ഞായർ നിയന്ത്രണത്തോട് പൊതുജനങ്ങളുടെ സമീപനം പൊലീസ് വിലയിരുത്തും. ഇതിനു ശേഷമായിരിക്കും അടുത്ത ആഴ്ചയിലെ നടപടികളിൽ തീരുമാനം കൈക്കൊള്ളൂ.

നീക്കവും നടപടികളും

 ഒരോ മേഖലകളിലും പൊലീസ് വിന്യാസം

 ജംഗ്ഷനുകളിൽ ബാരിക്കേഡ് വച്ച് പരിശോധന

 അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ്

 യാത്രാആവശ്യം പരിശോധിച്ച് ഉറപ്പുവരുത്തും

 നഗരഗ്രാമ വ്യത്യാസമില്ലാതെ പട്രോളിംഗ്

 കൊവിഡ് മാ‌ർഗനി‌ർദ്ദേശം ഉറപ്പുവരുത്തും

 കൂടുന്നു, ക്വാറന്റൈൻ ചാട്ടം

പനി, ജലദോഷമടക്കം രോഗലക്ഷണങ്ങളുള്ളവരും കൊവിഡ് ബാധിതരും ഹോം ക്വാറന്റൈൻ നിർദ്ദേശം ലംഘിക്കുന്നതായി പൊലീസ്. ഒരാഴ്ചയായി കൊച്ചി സിറ്റി പൊലീസ് നടത്തിവരുന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിവിധ കാരണങ്ങൾ പറഞ്ഞാണ് ആളുകൾ ആരോഗ്യവകുപ്പിന്റെ നി‌ർദ്ദേശം ലംഘിക്കുന്നത്. രോഗം വ്യാപനം അമ്പരപ്പിക്കുംവിധം ഉയ‌ർന്ന സാഹചര്യത്തിൽ നടപടി കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. കൊച്ചി സിറ്റിയിലും റൂറലിലും പരിശോധനകൾ പുരോഗമിക്കുകയാണ്. ക്വാറന്റൈൻ ലംഘിക്കുന്നവ‌ർക്ക് എതിരെ നടപടി സ്വീകരിക്കും. വീടുകളിൽ നേരിട്ടെത്തിയും ജി.പി.എസ് അടക്കം പരിശോധിച്ചുമാണ് പൊലീസ് ക്വാറന്റൈൻ ഉറപ്പുവരുത്തുന്നത്.

 വേലയിറക്കിയാൽ പണിയാകും

ജോലിക്കെന്നും അടിയന്തര ആവശ്യമാണെന്നുമെല്ലാം ചുമ്മാ തട്ടിവിട്ട് പുറത്തേക്ക് ഇറങ്ങിയാൽ കിട്ടുക എട്ടിന്റെ പണി ! ആവശ്യം എന്തെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമേ തുടർയാത്ര അനുവദിക്കൂ. പരിശോധനയിൽ പറഞ്ഞതത്രയും നുണയെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. വാഹനവും കസ്റ്റഡിയിലെടുക്കും.

 ശക്തമായ പരിശോധനയായിരിക്കും ഉണ്ടായിരിക്കുക. നടപടിയും സ്വീകരിക്കും. പൊതുജനം അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക."

വി.യു. കുര്യാക്കോസ്

ഡെപ്യൂട്ടി കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്