ആലുവ: കഴിഞ്ഞ ദിവസം മൺമറഞ്ഞ ആലുവ യു.സി കോളേജിന് സമീപം കെ.കെ.പി നഗർ ശ്രീവത്സത്തിൽ സി. ഭാസ്‌കരൻ (83) ആലുവ ഫെഡറൽ ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്ഥാപക ചെയർമാൻ പരേതനായ കെ.പി. ഹോർമിസിന്റെ വലംകൈയ്യായി പ്രവർത്തിച്ച ഭാസ്കരൻ ആദ്യ ജനറൽ മാനേജരായിരുന്നു. ബാങ്കിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തുന്നതിന് മുന്നിൽനിന്നു പ്രവർത്തിച്ച ഭാസ്‌കരൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്.

ആലുവ ക്ലബ്, ധർമദീപ്തി, ലയൺസ് ക്ലബ്, ബാങ്കേഴ്‌സ് ക്ലബ് എന്നിവയുടെ സ്ഥാപകാംഗവും നേതൃത്വത്തിലും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. യശശരീരനായ ഫാ. ഇഗ്‌നേഷ്യസ് അച്ചന്റെ അടുത്ത സ്‌നേഹിതനായിരുന്നു. ആലുവയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലും നിറ സാന്നിധ്യമായിരുന്നു. കപ്പൂച്ചിൻ വൈദീകരോടും ക്ലാര സിസ്റ്റേഴ്‌സിനോടും കൂടെ ആത്മാർത്ഥമായി പ്രവർത്തിച്ച അദ്ദേഹം ജീവിതത്തിൽ എന്നും സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടു. വലിയ ചുമതലകൾ വഹിച്ചപ്പോഴും എളിമയോടെയാണ് പൊതുസമൂഹത്തോട് ഇടപ്പെട്ടിരുന്നത്.