മൂവാറ്റുപുഴ : പ്രകൃതിയെ തൊട്ടറിഞ്ഞ് പഠനം ലളിതവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗവ യു.പി സ്കൂളിൽ കുട്ടികൾക്കായി ജൈവ വൈവിധ്യ ഉദ്യാനം തുറന്നു. സ്വന്തമായി നാലേക്കറോളം ഭൂമിയുള്ള പായിപ്രയിലെ സർക്കാർ യു.പി സ്കൂൾ ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സൂര്യകാന്തിത്തോട്ടം, ആയുഷ് ഗ്രാമിന്റെ സഹായത്തോടെ ഔഷധ ഉദ്യാനം, എള്ള് കൃഷി, പൂന്തോട്ടം, ആമ്പൽക്കുളം, പച്ചത്തുരുത്ത്, നൻമ മരം തുടങ്ങിയവ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര ശിക്ഷാ കേരള ശലഭോദ്യാനത്തിനും പായിപ്ര കൃഷി ഭവൻ ഗ്രോ ബാഗ് പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും ഈ വർഷം തീരുമാനിച്ചിട്ടുണ്ട്. മരങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ജൈവ വൈവിധ്യ രജിസ്റ്ററും ഒരുക്കിയിട്ടുണ്ട്.
സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം തട്ടേക്കാട് പക്ഷി സങ്കേതം ഫോറസ്റ്റ് ഓഫീസർ ടി.എ. ഷാജി നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, പ്രകൃതി ക്ലബ്ബ് കോഡിനേറ്റർ കെ.എം.നൗഫൽ, പി.ടി.എ അംഗങ്ങളായ കെ.എ. ഷംസുദ്ദീൻ, ഷമീന ഷഫീഖ്, പ്രകൃതി ക്ലബ്ബ് ലീഡർ അഹമ്മദ് വസീം എന്നിവർ സംസാരിച്ചു.