sathesh

മൂവാറ്റുപുഴ: അനൗൺസ്‌മെന്റ് രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് മൂവാറ്റുപുഴയുടെ ശബ്ദമായി മാറുകയാണ് സതീശൻ മൂവാറ്റുപുഴ. 19-ാം വയസിൽ മൂവാറ്റുപുഴയാറിൽ നടന്ന വള്ളംകളിയുടെ അനൗൺസ്‌മെന്റ് നടത്തിയത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് സതീശൻ എന്ന അനൗൺസർ മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെടുന്നത്. 46-കാരനായ സതീശൻ ഈ രംഗത്ത് മൂവാറ്റുപുഴയിൽ ഒന്നാമനായി മാറിയിരിക്കുകയാണ്.

അനൗൺസ്‌മെന്റിനിടെ ചലച്ചിത്ര-രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ ശബ്ദം അനുകരിച്ചതോടെ ഇൗ രംഗത്ത് പുതിയൊരു ചരിത്രം രചിക്കാനും സതീശനായി. അനൗൺസ്‌മെന്റ് രംഗത്ത് സജീവമാകുമ്പോഴും ഷോർട്ട് ഫിലിമുകളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്.

ആക്ഷൻ ഹീറോ ബിജു, ഒരു യമണ്ഡൻ പ്രേമകഥ, എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ബിജു മേനോന്റെ പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് എന്ന ചിത്രത്തിൽ പഴയകാല പോസ്റ്റുമാന്റെ വേഷത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കോമഡി ഉത്സവത്തിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലും കോമഡി മാസ്‌റ്റേഴ്‌സിലും തന്റെ തനതായ ശൈലിയിൽ അഭിനയിച്ച് വരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ സതീശൻ നിരവധി പ്രോഗ്രാമുകളുടെ റെക്കാർഡിംഗും ചെയ്യാറുണ്ട്.

2004ൽ തിരുവനന്തപുരം പുത്തിരികണ്ടം മൈതാനിയിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ശബ്ദത്തിൽ തുടർച്ചയായി ഏഴുമണിക്കൂർ സംസാരിച്ച് ശ്രദ്ധ നേടിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ ശബ്ദത്തിൽ തുടർച്ചയായി സംസാരിക്കാനുള്ള ഒരുക്കത്തിലാണ് സതീശൻ. രണ്ടാർകര വരകുംതൊടിയിൽ അയ്യപ്പൻ - കാർത്ത്യായാനി ദമ്പതികളുടെ മൂത്തമകനാണ്. ഭാര്യ രഷ്മി. മക്കൾ കലാമണ്ഡലത്തിലെ ചെണ്ട വിദ്യാർത്ഥിയായ കൈലസനാഥനും, ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയായ കാവ്യയും.