മൂവാറ്റുപുഴ: കിഴക്കൻ മേഖലയിലുള്ളവർക്കായി മൂവാറ്റുപുഴയിൽ കൊവിഡ് സെന്റർ സജ്ജമാക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. നിലവിൽ എറണാകുളത്ത് അമ്പലമുകളിലാണ് കേന്ദ്രീകൃത ക്വാറന്റൈൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെക്ക് കിഴക്കൻ മേഖലയിലെ രോഗികളെത്തുക ബുദ്ധിമുട്ടാവും. രോഗികളുടെ

യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായിട്ടാണ് മൂവാറ്റുപുഴയിൽ കൊവിഡ് സെന്റർ ഏർപ്പെടുത്തുകയെന്നും എം .എൽ. എ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി മറികടക്കാൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ മണ്ഡലങ്ങളിലെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് അതാത് എം.എൽ.എമാർ സംസാരിച്ചു. അമ്പലമുകളിലാണ് ജില്ലയിലെ ഹോം ക്വാറന്റൈൻ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

കിഴക്കൻ മേഖലയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് അമ്പലമുകളിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തുന്നതിനുള്ള വാഹന സൗകര്യമടക്കമുള്ള ബുദ്ധിമുട്ടുകൾ എം.എൽ.എ അറിയിച്ചു. കിഴക്കൻ മേഖലയിലെ രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി മൂവാറ്റുപുഴയിൽ ക്വാറന്റൈൻ സൗകര്യം തുടങ്ങണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കിഴക്കൽ മേഖലയ്ക്കായി മൂവാറ്റുപുഴയിൽ കൊവിഡ് സെന്റർ സജ്ജമാക്കാൻ തീരുമാനിക്കുകയും ചെയ്തു. 50 കിടക്കകളുള്ള കൊവിഡ് സെന്റർ മൂവാറ്റുപുഴയിൽ ഒരുക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.